aparna shaji|
Last Modified വെള്ളി, 30 ഡിസംബര്‍ 2016 (13:42 IST)
നിലമ്പൂർ കരുളായി വനത്തിൽ മാവോയിസ്റ്റും പൊലീസും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് കേന്ദ്ര സർക്കാർ. പൊലീസും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്ന് നടത്തിയ മാവോയിസ്റ്റ് വേട്ട വ്യാജമല്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. പൊലീസ് ആയുധം ഉപയോഗിച്ചത് നിയമപരമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് വ്യക്തമാക്കിയത്. മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടല്‍ വ്യാജമല്ല. പൊലീസ് അവരുടെ കടമ നിര്‍വഹിക്കുകയാണ് ചെയ്തത്.
ദക്ഷിണേന്ത്യയില്‍ മാവോയിസ്റ്റ് ഭീഷണി ശക്തമായി നിലനില്‍ക്കുന്നു. മാവോയിസ്റ്റുകള്‍ ആയുധം ഉപേക്ഷിക്കണം. ശേഷം പാവപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കുമായി അവര്‍ പ്രവര്‍ത്തിക്കട്ടെ എന്നും ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് വിജയകുമാര്‍ പറഞ്ഞു. നിലമ്പൂരിലെ സംഭവത്തെ തുടർന്ന് കേരളത്തിൽ സുരക്ഷിതത്വം വേണമെന്ന് ആവശ്യം മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. മാവോയിസ്റ്റുകളെ നേരിടാന്‍ ഒരു ബറ്റാലിയന്‍ സേനയെ കൂടി വേണമെന്ന് കേന്ദ്രത്തോട് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കേരളത്തിന്റെ ആവശ്യത്തോട് അനൂകൂല പ്രതികരണമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നടത്തിയതും.
നവംബര്‍ 24നാണ് മലപ്പുറത്തെ നിലമ്പൂര്‍ കരുളായി വനത്തിനുള്ളില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടന്നത്. മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. മരണത്തിനുശേഷം മൃതദേഹം വിട്ടുകൊടുക്കുന്നതിലും സര്‍ക്കാര്‍ കടുത്ത അനാസ്ഥയായിരുന്നു പ്രകടിപ്പിച്ചത്.