തിരുവനന്തപുരം|
aparna shaji|
Last Updated:
ബുധന്‍, 28 ഡിസംബര്‍ 2016 (07:54 IST)
അഞ്ചേരി ബേബി വധക്കേസിൽ പ്രതിയായി തുടരുന്ന മന്ത്രി എം എം മണിയെ മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച വി എസ് അച്യുതാനന്ദനെ വിമർശിച്ച മന്ത്രി എം എം മണി. വി എസിന് മറുപടി നൽകുന്നത് തന്റെ അന്തസിന് ചേർന്നതല്ലെന്ന് മണി വ്യക്തമാക്കി. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
തലപോയാലും ന്യായമല്ലാത്തതൊന്നും താൻ പറയില്ല. അഞ്ചേരി ബേബി കൊല്ലപ്പെടുമ്പോൾ വി എസ് പാർട്ടി സെക്രട്ടറിയായിരുന്നു. കേസിൽ വി എസിന് പങ്കുണ്ടെന്ന് പറയാത്തത് തന്റെ മര്യാദയാണ്. ത്യാഗത്തിന്റെ കഥകൾ ആരും എന്നോട് പഠിപ്പിക്കണ്ട, ഞാനും ത്യാഗങ്ങൾ സഹിച്ചതാണ്. ത്യാഗത്തിന്റെ കഥ പറഞ്ഞ് താൻ ആരുടേയും പുറകേ പിച്ചച്ചട്ടിയുമായി പോയിട്ടില്ല. തന്നെ മന്ത്രി സ്ഥാനത്ത് നിന്നും പാർട്ടി മാറ്റുമെന്ന് കരുതുന്നില്ല. എന്നും മണി പറഞ്ഞു.
അഞ്ചേരി ബേബി വധക്കേസിൽ വൈദ്യുത മന്ത്രി എം എം മണിയുടെ വിടുതൽ ഹർജി കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ എം എം മണിയെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. ക്രിമിനൽക്കേസിൽ പ്രതിയായവർ മന്ത്രിസ്ഥാനത്തു തുടരുന്നതു ശരിയല്ലെന്നു ചൂണ്ടിക്കാട്ടി വിഎസ് കേന്ദ്രനേതൃത്വത്തിനു കത്തയച്ചിരുന്നു. അതേസമയം, മണി മന്ത്രിസ്ഥാനത്ത് തുടരുന്നതിൽ തെറ്റില്ല എന്നാണ് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയത്.