അഭിറാം മനോഹർ|
Last Modified തിങ്കള്‍, 1 ജൂലൈ 2024 (20:32 IST)
തന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിച്ച ഭരണപക്ഷത്തിനെ ജനം നിശബ്ദമാക്കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പിയായ മഹുവ മോയ്ത്ര. ലോകസഭാ സമ്മേളനത്തിനിടെയാണ് കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് എം പിയായ മഹുവ മോയ്ത്ര രംഗത്ത് വന്നത്. കഴിഞ്ഞ തവണ ഇവിടെ നില്‍ക്കാന്‍ തന്നെ അനുവദിച്ചില്ലെന്നും എന്നാല്‍ ഒരു എം പിയുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ഭരണപക്ഷം ശ്രമിച്ചപ്പോള്‍ ഭരണപക്ഷത്തെ 63 അംഗങ്ങളെ ജനം നിശബ്ദമാക്കിയെന്നും മഹുവ പറഞ്ഞു.
ബിജെപിക്ക് തനിച്ച് കേവലഭൂരിപക്ഷം ലഭിക്കാത്തതിനെ പറ്റിയും മഹുവ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ബിജെപിക്ക് അംഗങ്ങള്‍ കുറവായതിനാല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ അസ്ഥിരമാണ്. സഖ്യകക്ഷികളെ ആശ്രയിച്ചാണ് ഭരണം എന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും താഴെ വീഴാം. മഹുവ പറഞ്ഞു. പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്നും എം പിയായ മഹുവയെ സഭയില്‍ ചോദ്യം ഉന്നയിക്കാനായി പണം കൈപ്പറ്റിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് 2023 ഡിസംബറില്‍ സഭയില്‍ നിന്നും പുറത്താക്കിയിരുന്നു. മഹുവ കുറ്റക്കാരിയാണെന്ന് എത്തിക്‌സ് കമ്മിറ്റി കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി.