ചെന്നൈ|
jibin|
Last Updated:
തിങ്കള്‍, 8 ജൂണ്‍ 2015 (10:36 IST)
മദ്രാസ് ഐഐടിയിലെ ദലിത് വിദ്യാര്‍ഥി കൂട്ടായ്മക്ക് ഏര്‍പ്പെടുത്തിയ നിരോധം അധികൃതര്‍ പിന്‍വലിച്ചു. ഐഐടി ഡയറക്ടറും അംബേദ്കര്‍ -പെരിയാര്‍ സ്റ്റുഡന്‍റ്സ് സര്‍ക്ക്ള്‍ (എപിഎസ്സി) ഭാരവാഹികളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നിരോധം പിന്‍വലിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ചതിനാണ് അംബേദ്കര്‍ പെരിയാര്‍ സ്റഡി സര്‍ക്കിള്‍ എന്ന സംഘടനയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയത്.
ഐഐടി ക്യാമ്പസില്‍ എല്ലാ വിദ്യാര്‍ഥി സംഘടനയ്ക്കും പ്രവര്‍ത്തിക്കാമെന്നും ഒരു സംഘടനയ്ക്കും വിലക്കില്ലെന്നും ഐഐടി ഡയറക്ടര്‍ ഭാസ്കര്‍ രാംമൂര്‍ത്തി അറിയിച്ചു. വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയിലാണു നിരോധനം പിന്‍വലിക്കാന്‍ തീരുമാനമായത്. കഴിഞ്ഞ മാസം 28-നാണു കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ ദളിത് കുട്ടികളുടെ സംഘടനയെ നിരോധിച്ചത്.
ഘര്‍ വാപസി, ബിഫ് നിരോധനം, ഭൂമി ഏറ്റെടുക്കല്‍ ബില്‍, ഇന്‍ഷുറന്‍സ് നിയമ ഭേദഗതി, തൊഴില്‍ നിയമ പരിഷ്കരണം എന്നിവയുമായി ബന്ധപ്പെട്ട് മോദിക്കെതിരെ വിമര്‍ശനാത്മകമായി ലഘുലേഖ പ്രചരിപ്പിച്ച അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ എന്ന കൂട്ടായ്മയുടെ അംഗീകാരമാണ് ഐഐടി അധികൃതര്‍ റദ്ദാക്കിയിരുന്നത്.
ദലിത് നേതാക്കളായ ബിആര്‍ അംബേദ്കറുടെയും പെരിയാര്‍ ഇവി രാമസ്വാമിയുടെയും ആശയം പ്രചരിപ്പിക്കാനായി 2014 ഏപ്രില്‍ 14നാണ് പട്ടികജാതി -വര്‍ഗ വിദ്യാര്‍ഥികള്‍ ഐഐടി കാമ്പസില്‍ അംബേദ്കര്‍ -പെരിയാര്‍ സ്റ്റുഡന്‍റ്സ് സര്‍ക്ക്ള്‍ (എപിഎസ്സി) എന്ന കൂട്ടായ്മ രൂപവത്കരിച്ചത്. കൂട്ടായ്മക്ക് നിരോധം ഏര്‍പ്പെടുത്തിയ ഐഐടി അധികൃതരുടെ നടപടി രാജ്യത്ത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. നിരോധ നടപടിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷവിമര്‍ശം നടത്തുകയും ചെയ്തു.