Narendra Modi Government: അപ്പോ ഗ്യാസിന് വില കുറയ്ക്കാന്‍ സര്‍ക്കാരിന് പറ്റും ! ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുന്ന മോദി ഭരണകൂടം, ഇതുവരെ കൂട്ടിയത്‌ എത്രയെന്നോ?

500 രൂപ കൂട്ടിയിട്ട് ഇപ്പോള്‍ 200 രൂപ കുറയ്ക്കുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നത് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചിട്ടുണ്ട്

രേണുക വേണു| Last Updated: ബുധന്‍, 30 ഓഗസ്റ്റ് 2023 (09:05 IST)

Narendra Modi Government: തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ മാത്രം കേന്ദ്ര സര്‍ക്കാരിന് പാചകവാതക വിലയില്‍ ഇടപെടാന്‍ സാധിക്കുന്നത് ഏറെ വിചിത്രകരമായ കാര്യമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പ്രതികരിക്കുന്നത്. ഇന്ധന വിലയിലും പാചകവാതക വിലയിലും തങ്ങള്‍ക്ക് ഇടപെടാന്‍ സാധിക്കില്ലെന്ന് പ്രതിരോധം തീര്‍ക്കുകയാണ് മുന്‍ കാലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരുന്നത്. അടിയ്ക്കടിയുള്ള വില വര്‍ധനവ് ജനത്തിന്റെ നട്ടെല്ല് ഒടിക്കുമ്പോഴും കേന്ദ്രം മൗനം പാലിക്കുകയാണ് പതിവ്.

500 രൂപ കൂട്ടിയിട്ട് ഇപ്പോള്‍ 200 രൂപ കുറയ്ക്കുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നത് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചിട്ടുണ്ട്. കണക്കുകള്‍ പരിശോധിച്ചാല്‍ അത് സത്യവുമാണ്. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം തുടര്‍ച്ചയായി പാചകവാതക സിലിണ്ടര്‍ വില വര്‍ധിക്കുകയായിരുന്നു.

2015 മേയ് രണ്ടിന് വെറും 614 രൂപയായിരുന്നു ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില. അവിടെ നിന്നാണ് റോക്കറ്റ് പോലെ എല്‍പിജി വില കുതിച്ചത്. ഏകദേശം 500 രൂപയില്‍ അധികം പിന്നീട് പാചകവാതകത്തിനു വില വര്‍ധിച്ചിട്ടുണ്ട്. വില വര്‍ധനവ് ഉണ്ടാകുമ്പോഴെല്ലാം പ്രതിപക്ഷം അടക്കം അതിനെതിരെ രംഗത്തെത്താറുണ്ട്. എന്നാല്‍ ആഗോള വിപണിയില്‍ എണ്ണ വില കുതിച്ചുയരുന്നത് കൊണ്ടാണ് എല്‍പിജി വില ഉയരുന്നതെന്നും കേന്ദ്ര സര്‍ക്കാരിന് വില വര്‍ധനവില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും ബിജെപി പ്രതിരോധം തീര്‍ത്തിരുന്നത്. എന്നാല്‍ കൃത്യമായി തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ പാചകവാതക വിലയില്‍ കേന്ദ്രം ഇടപെടുന്ന കാഴ്ച ഇപ്പോള്‍ പതിവാണ്.

2020 ഫെബ്രുവരി 12 ന് ഗാര്‍ഹിക സിലിണ്ടറുകളുടെ വില 146 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. അതോടെ 850 രൂപ 50 പൈസയായി സിലിണ്ടറിന്. 2020 ല്‍ നിന്ന് 2023 ലേക്ക് എത്തുമ്പോള്‍ ഏതാണ്ട് 200 രൂപയില്‍ അധികമാണ് പാചകവാതക സിലിണ്ടറിന് വില കൂടിയത്. മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ എല്‍പിജി സബ്‌സിഡി 2020 ജൂണില്‍ നിര്‍ത്തലാക്കുകയും ചെയ്തു. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിക്കാര്‍ക്ക് മാത്രമാണ് പിന്നീട് സബ്‌സിഡി ലഭിച്ചിരുന്നത്.

രാജ്യത്ത് ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 200 രൂപയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. ഇന്നുമുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. 14.2 കിലോ സിലിണ്ടറിന് 1,103 രൂപയായിരുന്നു വില. ഇന്നുമുതല്‍ അത് 903 രൂപയായി കുറയും. അതേസമയം പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് 400 രൂപയാണ് വില കിഴിവ്. ഇവര്‍ക്ക് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ 703 രൂപയ്ക്ക് ലഭിക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് പാചകവാതക സിലിണ്ടറിന്റെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പും ഈ വര്‍ഷം അവസാനത്തോടെ പല സംസ്ഥാനങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് പാചകവാതകത്തിന്റെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. 'രക്ഷാബന്ധന്‍ സമ്മാനം' എന്നാണ് പാചകവാതകത്തിന്റെ വില കുറച്ച നടപടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. പാവപ്പെട്ടവരുടെയും മധ്യവര്‍ഗത്തിന്റെയും ജീവിതനിലവാരം മെച്ചപ്പെടാന്‍ ഈ തീരുമാനം കൊണ്ട് സാധിക്കുമെന്ന് മോദി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :