Loksabha Election 2024:കേന്ദ്രത്തിൽ ആഞ്ഞടിച്ചത് ബിജെപി വിരുദ്ധവികാരം തന്നെ, അടിതെറ്റിയത് 13 കേന്ദ്രമന്ത്രിമാർക്ക്

BJP, Loksabha Elections
അഭിറാം മനോഹർ| Last Modified ബുധന്‍, 5 ജൂണ്‍ 2024 (13:56 IST)
BJP, Elections
ലോകസഭാ തിരെഞ്ഞെടുപ്പില്‍ രാജ്യത്ത് പ്രതിഫലിച്ചത് ഭരണവിരുദ്ധവികാരം തന്നെയെന്ന് തെളിവ് നല്‍കി സ്മൃതി ഇറാനിയും അര്‍ജുന്‍ മുണ്ടെയുമടക്കം 13 കേന്ദ്ര മന്ത്രിമാരുടെ പരാജയം. ഹിന്ദി ഹൃദയഭൂമിയിലടക്കം കേന്ദ്രമന്ത്രിമാര്‍ പരാജയപ്പെട്ടത് പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിയുടെ കരുത്ത് ചോര്‍ത്തിയിട്ടുണ്ട്. ഇതില്‍ തന്നെ അമേഠിയിലെ സ്മൃതി ഇറാനിയുടെ വമ്പന്‍ തോല്‍വി ബിജെപിക്ക് കനത്ത തിരിച്ചടിയായി. 2 കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ നിന്നും മത്സരിച്ചെങ്കിലും ഇവര്‍ക്കും കളം പിടിക്കാനായില്ല.


കേന്ദ്ര ഇലക്ട്രോണിക്- ഐടി സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനോട് 16,000ത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ആറ്റിങ്ങലില്‍ പരാജയപ്പെട്ടെങ്കിലും ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കാന്‍ കേന്ദ്ര വിദേശകാര്യസഹമന്ത്രിയായ വി മുരളീധരന് സാധിച്ചു. 2019ല്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി ദേശീയ ശ്രദ്ധ നേടിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി 1,67,196 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ കിഷോരിലാല്‍ ശര്‍മയോട് പരാജയപ്പെട്ടത്.

കര്‍ഷകസമരത്തിനിടെ ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ജനരോഷം നേരിടേണ്ടി വന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്ക് യുപിയില്‍ നിന്നും പരാജയം നേരിടേണ്ടി വന്നു. കേന്ന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കാളിചരണ്‍ മുണ്ടയോട് ഒന്നരലക്ഷത്തോളം വോട്ടുകള്‍ക്കാണ് ജാര്‍ഖണ്ഡില്‍ പരാജയപ്പെട്ടത്. കൈലാഷ് ചൗധരി(ബാര്‍മര്‍),സുഭാഷ് സര്‍ക്കാര്‍(ബങ്കുര), എല്‍ മുരുഗന്‍(നീലഗിരി),നിസിത് പ്രമാണിക്(കൂച്ച് ബഹാര്‍),സഞ്ജീവ് കല്യാണ്‍(മുസാഫര്‍ നഗര്‍),മഹേന്ദ്രനാഥ് പാണ്ഡെ(ചന്ദൗലി),കൗശല്‍ കിഷോര്‍(മോഹന്‍ലാല്‍ ഗഞ്ച്),ഭഗ്വന്ത് ഭൂബ(ബിദാര്‍),രാജ് കപില്‍ പാട്ടീല്‍(ഭിവാണ്ഡി) എന്നിവരാണ് പരാജയം രുചിച്ച മറ്റ് കേന്ദ്രമന്ത്രിമാര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :