ലാം ജ്വലിച്ചു; മംഗള്‍‌യാന്‍ ചൊവ്വയിലെത്തും

ബാംഗ്ലൂര്‍| Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (14:54 IST)
ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യമായ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ (എംഒഎം) പേടകം മംഗള്‍‌യാന്റെ ലാം (ലിക്വിഡ് അപ്പോജി മോട്ടോര്‍) എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചു. പരീക്ഷണം വിജയമാണെന്ന് ഐ‌എസ്‌ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. സൗര കേന്ദ്രീകൃതമായ പ്രയാണപഥത്തില്‍നിന്ന് പേടകത്തെ ചൊവ്വയുടെ ആകര്‍ഷണ വലയത്തിലെ സഞ്ചാരപഥത്തില്‍ എത്തിക്കാനുള്ള തിരുത്തലിനാണ് ഇന്ന് തുടക്കം കുറച്ചത്. പേടകത്തിന്റെ
ഹൃദയമായ ദ്രവ എന്‍ജിന്‍ നാല് സെക്കന്‍ഡ് സമയമാണ് ജ്വലിപ്പിച്ചത്.

മംഗള്‍യാനെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കാന്‍ ബുധനാഴ്‌ച നിശ്ചയിച്ചിട്ടുള്ള 24 മിനിറ്റ് നീളുന്ന പൂര്‍ണ ജ്വലനത്തിന്റെ റിഹേഴ്സലാണിത്. ലിക്വിഡ് അപ്പോജി മോട്ടോര്‍ ( ലാം ) എന്ന ഈ എന്‍ജിന്‍ കഴിഞ്ഞ 300 ദിവസമായി നിദ്രയിലായിരുന്നു. ശൂന്യാകാശത്തെ കൊടും ശൈത്യത്തില്‍ പത്ത് മാസമായി പ്രവര്‍ത്തിക്കാതിരിക്കുന്ന എന്‍ജിന്‍ ബുധനാഴ്‌ച പ്രവര്‍ത്തനക്ഷമമാകുമോയെന്നതായിരുന്നു ശാസ്ത്രലോകത്തിന്റെ ആശങ്ക.

മംഗള്‍യാന്‍ കഴിഞ്ഞ നവംബര്‍ 5ന് വിക്ഷേപിച്ച ശേഷം ആറ് തവണ ഭ്രമണപഥം ഉയര്‍ത്തിയത് ഇതേ എന്‍ജിന്‍ ജ്വലിപ്പിച്ചാണ്. ഒടുവില്‍ ഡിസംബര്‍ 1ന് പേടകത്തെ ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍നിന്ന് പുറന്തള്ളി ചൊവ്വയിലേക്കുള്ള പ്രയാണ പഥത്തിലാക്കിയ ജ്വലനത്തിന് ശേഷം എന്‍ജിന്‍ സ്ലീപ് മോഡില്‍ആയിരുന്നു.

ചന്ദ്രയാന്‍ ഉള്‍പ്പെടെ ഇന്ത്യയുടെനിരവധി ബഹിരാകാശ ദൗത്യങ്ങളില്‍കരുത്തും കാര്യശേഷിയും തെളിയിച്ച വിശ്വസ്‌തതയുള്ള എന്‍ജിനാണ് ഇത്. പക്ഷേ, ആദ്യമായാണ് ഇത്രയും ദീര്‍ഘമായ കാലം പ്രവര്‍ത്തിക്കാതിരുന്ന ശേഷം ഒരു വലിയ ദൗത്യം നിറവേറ്റാന്‍ അവസാന നിമിഷം നിദ്ര വിട്ട് ഉണരേണ്ടി വരുന്നത്. എന്നാല്‍ ഈ കടമ്പ കടന്നതോടെ ദൌത്യം വിജയകരമാകുമെന്ന് ഉറപ്പായി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :