ബിജെപിക്കെതിരായ പോസ്റ്ററുകള്‍ നീക്കി, എങ്ങും മോദിയുടെ ചിത്രങ്ങള്‍, ഞങ്ങളെ കാണുന്നത് രാജ്യദ്രോഹികളെ പോലെ; ലക്ഷദ്വീപില്‍ നിന്ന് അബു സാലിഹ് സംസാരിക്കുന്നു

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 25 മെയ് 2021 (12:52 IST)

അങ്ങേയറ്റം മനുഷ്യത്തവിരുദ്ധമായ നടപടികളാണ് ലക്ഷദ്വീപില്‍ അരങ്ങേറുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴും കേന്ദ്ര സര്‍ക്കാരിന് അനക്കമില്ല. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പറഞ്ഞാണ് കേന്ദ്രം തള്ളുന്നത്. എന്നാല്‍, സ്വാതന്ത്ര്യത്തിനും നിലനില്‍പ്പിനുമുള്ള പോരാട്ടമാണ് ദ്വീപ് ജനത നടത്തുന്നതെന്ന് ലക്ഷദ്വീപ് നിവാസിയായ അബു സാലിഹ് പറയുന്നു. തങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് വെബ് ദുനിയ മലയാളത്തോട് വിവരിക്കുകയായിരുന്നു ബിരുദാനന്തരബിരുദ ധാരിയായ അബു.

പുതിയ അഡ്മിനിസ്‌ട്രേറ്റല്‍ വന്നതു മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. പഴയ അഡ്മിനിസ്‌ട്രേറ്റര്‍ മരിച്ചതിനു തൊട്ടടുത്ത ദിവസം പ്രഫുല്‍ പട്ടേല്‍ പുതിയ അഡ്മിനിസ്‌ട്രേറ്ററായി എത്തി. ബിജെപി വിരുദ്ധ പോസ്റ്ററുകളെല്ലാം നീക്കം ചെയ്യുകയായിരുന്നു ആദ്യ നടപടി. ബിജെപിക്കെതിരായ എല്ലാ പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്തു എന്നുമാത്രമല്ല അതൊക്കെ വച്ചവര്‍ക്കെതിരെ നടപടിയെടുക്കാനും തുടങ്ങി.

'ബിജെപിക്കെതിരായും ദേശീയ പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ചും സ്ഥാപിച്ച പോസ്റ്ററുകള്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഇഷ്ടമായില്ല. അതെല്ലാം നീക്കം ചെയ്തു. ആരുടെ സ്ഥലത്താണോ ആ ബോര്‍ഡുകള്‍ ഇരിക്കുന്നത് അവര്‍ക്കെതിരെ കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. മോദിയുടെ ചിത്രങ്ങളും ബിജെപി അനുകൂല പോസ്റ്ററുകളും മാത്രമായി എല്ലായിടത്തും. ബാക്കിയെല്ലാം നീക്കം ചെയ്യുകയായിരുന്നു,' അബു സാലിഹ് പറഞ്ഞു.

'പ്രഫുല്‍ പട്ടേല്‍ വന്നപാടെ കുറേ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തുടങ്ങി. റോഡ് വീതി കൂട്ടി. അടിമുടി നഗരവല്‍ക്കരണമാണ് ലക്ഷ്യം. അതിനനുസരിച്ചുള്ള മാറ്റങ്ങളാണ് കൊണ്ടുവന്നിരുന്നത്. ഇതൊന്നും ഇവിടെ ചര്‍ച്ച ചെയ്ത് എടുക്കുന്ന തീരുമാനങ്ങളല്ല. കേന്ദ്രത്തില്‍ നിന്ന് കൊണ്ടുവരുന്ന ഡ്രാഫ്റ്റുകള്‍ ഇവിടെ നടപ്പിലാക്കുകയാണ്. കൊറോണ വന്ന് എല്ലാവരും പേടിച്ചിരിക്കുന്ന സമയത്ത് വരെ ടൂറിസവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ നടപ്പിലാക്കുന്ന തിരക്കിലായിരുന്നു. എല്ലാം നേരത്തെ തീരുമാനിച്ചുറപ്പിച്ച പോലെയായിരുന്നു,'

ഞങ്ങള്‍ ടൂറിസത്തിനു എതിരല്ല. നേരത്തെയും ടൂറിസമുണ്ടായിരുന്നു. പക്ഷേ, നാടിന്റെ സംസ്‌കാരത്തെ ഇല്ലാതാക്കിയും ജനജീവിതം ദുസഹമാക്കിയുമുള്ള ടൂറിസത്തോടാണ് വിയോജിപ്പ്. ഞങ്ങളുടെ സ്വകാര്യതയിലേക്ക് അവര്‍ കടന്നുകയറരുത്. ജനവാസ മേഖലകളില്‍ ടൂറിസത്തിനുവേണ്ടിയുള്ള പ്രൊജക്ടുകള്‍ കൊണ്ടുവരരുത് എന്നതൊക്കെയാണ് ഞങ്ങളുടെ ആവശ്യം. ജനവാസം ഇല്ലാത്ത മേഖലകള്‍ ടൂറിസത്തിനായി നേരത്തെയും ഉപയോഗിക്കുന്നുണ്ട്. അതിനോടൊന്നും വിയോജിപ്പില്ല. മാത്രമല്ല അത് ഞങ്ങള്‍ക്ക് കച്ചവട സാധ്യതയും വര്‍ധിപ്പിക്കുന്നതാണ്.

ബിസിനസായാണ് അവര്‍ ഇതിനെ കാണുന്നത്. ഇവിടെ മുഴുവന്‍ കുടിയൊഴുപ്പിച്ച് ബിസിനസ് സാധ്യതയാണ് അവര്‍ ലക്ഷ്യമിടുന്നത്. വര്‍ഷങ്ങളായി മത്സ്യബന്ധന തൊഴിലാളികള്‍ താമസിക്കുന്ന തീരപ്രദേശങ്ങള്‍ കുറേ ഒഴിപ്പിച്ചു. മറ്റ് താമസസ്ഥലങ്ങളിലും ഒഴിപ്പിക്കാനുള്ള നീക്കമാണ് പുതിയ നിയമഭേദഗതിയിലൂടെ അഡ്മിനിസ്‌ട്രേറ്റര്‍ ഉദ്ദേശിക്കുന്നത്. ഇവിടുത്തെ പാവം ജനങ്ങളെ ബാധിക്കുന്നതാണ് ഇത്. സ്വന്തം വീടുകള്‍ ഞങ്ങള്‍ തന്നെ പൊളിച്ചുനീക്കേണ്ടിവരും. ഇല്ലെങ്കില്‍ വലിയ തുക പിഴയടയ്ക്കണം. ഇത്തരം നീക്കങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. വൈദ്യുതി ഉള്‍പ്പെടെയുള്ളവ സ്വകാര്യവല്‍ക്കരിക്കുകയാണെന്നും അബു പറഞ്ഞു.

'മത്സ്യബന്ധന തൊഴിലാളികളുടെ ബോട്ട് ഷെഡുകള്‍ എല്ലാം പൊളിച്ചു. ബോട്ടുകള്‍ക്ക് നാശനഷ്ടമുണ്ടായി. മത്സ്യബന്ധനതൊഴിലാളികള്‍ വലിയ സങ്കടത്തിലാണ്. ഉപജീവന മാര്‍ഗമാണ് ഇല്ലാതാകുന്നത്. ദേശീയ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ രാജ്യദ്രോഹികള്‍ എന്ന നിലയിലാണ് ഇവര്‍ കാണുന്നത്. കേരളവും ലക്ഷദ്വീപുമായുള്ള ബന്ധത്തെ ഇവര്‍ പേടിക്കുന്നുണ്ട്. അതുകൊണ്ട് ദ്വീപിന്റെ കേരളവുമായുള്ള ബന്ധം ഇല്ലാതാക്കാന്‍ വരെ നീക്കങ്ങള്‍ നടക്കുന്നുണ്ട്. കേരളത്തില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് ഇവിടെ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്ന് പുറംലോകം അറിയുന്നത്. ഇപ്പോള്‍ ചെറിയ സമാധാനമൊക്കെയുണ്ട്,'

'ഞങ്ങള്‍ ബീഫ് നന്നായി കഴിക്കും. സ്‌കൂളുകളില്‍ ആഴ്ചയില്‍ ഒരു ദിവസം ഇറച്ചി കൊടുത്തിരുന്നു. ഇതൊക്കെ നിരോധിച്ചു. മറ്റ് മാംസാഹാരങ്ങളോടൊന്നും ഇങ്ങനെ വിയോജിപ്പില്ല. ചിക്കനും മറ്റും ഇപ്പോഴും കിട്ടും. ബിഫീനോടാണ് ഇവര്‍ക്ക് പ്രശ്‌നം,' അബു സാലിഹ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :