കൊല്‍ക്കൊത്തയിലെ മേല്‍പ്പാല ദുരന്തം: മരണം 25 ആയി; അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

കൊല്‍ക്കൊത്തയിലെ മേല്‍പ്പാല ദുരന്തം: മരണം 25 ആയി; അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

കൊൽക്കത്ത| JOYS JOY| Last Modified വെള്ളി, 1 ഏപ്രില്‍ 2016 (11:53 IST)
കൊല്‍ക്കൊത്തയില്‍ വ്യാഴാഴ്ച ഉണ്ടായ മേല്‍പ്പാല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി. അതേസമയം, അവശിഷ്‌ടങ്ങള്‍ക്കിടയില്‍ ഇനിയും നൂറോളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സൈനികരുടെയും കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അഗ്നിശമന സേനാംഗങ്ങളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.

ഇതിനിടെ, അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് മൂന്നുലക്ഷം രൂപ നൽകും. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനും സംസ്ഥാനസർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് മേൽപ്പാല നിർമാണത്തിന്‍റെ ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ ഐ വി ആർ സി എൽ എന്ന കമ്പനിക്കെതിരെ കേസെടുത്തു. കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്.

എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ നടന്ന ദുരന്തം മമത ബാനര്‍ജിക്ക് തിരിച്ചടിയാകും. പ്രതിപക്ഷ പാർട്ടികൾ അപകടത്തെ രാഷ്‌ട്രീയ ആയുധമാക്കുമെന്നതില്‍ സംശയമില്ല. അഴിമതിയുടെ പ്രത്യാഘാതമാണ് മേൽപ്പാലം തകരാന്‍ കാരണമെന്ന ആരോപണവുമായി ബി ജെ പി നേതാവ് സിദ്ധാർഥ് നാഥ് സിങ് രംഗത്തെത്തി കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :