കിരണ്‍ ബേദിയോട് ഉത്തരം മുട്ടിക്കുന്ന അഞ്ച് ചോദ്യങ്ങള്‍

കിരണ്‍ ബേദി, ചോദ്യം, ഫേസ്ബുക്ക്
ന്യൂഡല്‍ഹി| vishnu| Last Modified ചൊവ്വ, 20 ജനുവരി 2015 (15:56 IST)
ബിജെപി ടിക്കറ്റില്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രിയാകാന്‍ ഇറങ്ങിത്തിരിച്ച മുന്‍ ഐപി‌എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദിയെ ഉത്തരം മുട്ടിക്കാനുറച്ച് അഞ്ച് ചോദ്യങ്ങളുമായി ഒരുകൂട്ടം സ്ത്രീകള്‍ രംഗത്ത്. വിമന്‍ ഒഫ് ഇന്ത്യ എന്ന പേരില്‍ ഫേസ്ബുക്കില്‍ ആരംഭിച്ച പേജിലാണ് കിരണ്‍ ബേദിയോട് അഞ്ച് ചോദ്യങ്ങള്‍ ചോദിക്കുന്നത്.
കിരണ്‍ ബേദിയോട് ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് ചോദിക്കാനുള്ള ചോദ്യങ്ങളായാണ് ഫേസ്ബുക്കില്‍ പേജില്‍ ഉള്ളത്.

ഇന്ത്യയിലെ ആദ്യത്തെ ഐ പി എസ്‌ ഓഫീസര്‍ എന്ന നിലയ്ക്ക് സ്ത്രീശക്തിയുടെ ഒരു ദേശീയ ബിംബമായി കണക്കാക്കപ്പെടുന്നവരാണ് നിങ്ങള്‍. ബിജെപിയില്‍ ചേര്‍ന്നതോടെ അവരുടെ ഏഴുമാസം നീണ്ടുനില്‍ക്കുന്ന ഭരണത്തെ അംഗീകരിക്കുകകൂടിയാണ്. അതിനാല്‍ തന്നെ ഈ രാജ്യത്തിലെ സ്ത്രീകളായ ഞങ്ങള്‍ക്ക് നിങ്ങളോട് ചിലത് ചോദിക്കാനുണ്ട്. ചോദ്യങ്ങള്‍ താഴെ ചേര്‍ക്കുന്നു. മറുപടി പറയാന്‍ അഞ്ചു മിനിറ്റില്‍ അധികം വേണ്ടി വരില്ല. സമയക്കുറവുണ്ടെങ്കില്‍
"അതെ" അല്ലെങ്കില്‍ "അല്ല" എന്ന് പറഞ്ഞാലും മതി എന്ന ആമുഖത്തോടെയാണ് ചോദ്യങ്ങള്‍ വരുന്നത്.

1. വസ്ത്രധാരണം, ജോലി, പ്രണയം തുടങ്ങിയ കാര്യങ്ങളില്‍ ഒരു കാരണവശാലും സ്ത്രീകള്‍ക്ക് അംഗീകരിക്കാനാവാത്ത നിര്‍ദ്ദേശങ്ങളാണ് ഹിന്ദുത്വക്കാര്‍ നല്‍കുന്നത്. സ്ത്രീകള്‍ ജീന്‍സിടുന്നതിനെ എതിര്‍ക്കുകയും സമുദായത്തിന് വേണ്ടി സ്ത്രീകള്‍ നാല് പ്രസവിക്കണമെന്നും ലവ് ജിഹാദ് തുടങ്ങി നിരവധി പ്രസ്താവനകള്‍. ഇവര്‍ക്ക് തങ്ങളുടെ വാദം അടിച്ചേല്‍പ്പിക്കാന്‍ ബലമുപയോഗിക്കാനും മടിയില്ല. സദാചാരത്തിന്റെ പേര് പറഞ്ഞു ഇവര്‍ സ്ത്രീകളെ ആക്രമിക്കുന്ന ഒരുപാട് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വസ്ത്രധാരണമോ ജോലിയോ പ്രണയമോ ആവട്ടെ, സ്വയം തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ അവകാശം നിഷേധിക്കുന്നതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? യോജിക്കുന്നെങ്കില്‍, കേന്ദ്രം ഭരിക്കുകയും ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുന്ന പാര്‍ട്ടിയില്‍ നിന്ന് ഞങ്ങളെന്താണ് പ്രതീക്ഷിക്കേണ്ടത്?യോജിക്കുന്നില്ലെങ്കില്‍, സ്ത്രീകളോടുള്ള അവരുടെ നിലപാട് എങ്ങിനെ മാറ്റാമെന്നാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?

2. ബി ജെ പിയിലെ 63 എം.പിമാര്‍ ക്രിമിനല്‍ റെക്കാഡ് ഉള്ളവരാണെന്ന റിപ്പോര്‍ട്ടുകളെ പറ്റി അറിവുണ്ടാവും. ഇവയില്‍ പലതും ബലാത്സംഗവും പീഡനവുമടക്കം സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റങ്ങളുമാണ്. സ്വന്തം പാര്‍ട്ടിയില്‍ ഇത്തരക്കാര്‍ ഉത്തരവാദിത്വമുള്ള സ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ?

3.ഹിന്ദുത്വവാദികള്‍ അധികാരത്തില്‍ എത്തിയതോടെ മതന്യൂനപക്ഷങ്ങളുടെ നേര്‍ക്കുള്ള അതിക്രമങ്ങള്‍ വല്ലാതെ വര്‍ദ്ധിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ മാത്രം നോക്കിയാല്‍ മതി. വര്‍ഗീയ മനോഭാവവും കലാപങ്ങളും എപ്പോഴും സ്ത്രീ വിരുദ്ധമാണ്. അവ ബാക്കിയാക്കുന്ന രണ്ടു സാധ്യതകളും ഒന്നുകില്‍ 'ശത്രു' വിഭാഗത്തിന്റെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാവുക അല്ലെങ്കില്‍ സ്വന്തം സമുദായത്തിലെ പുരുഷന്‍മാരുടെ കീഴില്‍, അവരുടെ നിര്‍ദ്ദേശമനുസരിച്ച് ഒത്തുങ്ങികൂടുക സ്ത്രീവിരുദ്ധമാണ്. ഒരു സ്ത്രീയെന്ന നിലയ്ക്ക് നിങ്ങള്‍ ഹിന്ദുത്വവാദികളുടെ വര്‍ഗീയ അസഹിഷ്ണുതയെ തള്ളി പറയുമോ? അതോ പാട്ടിയില്‍ ചേര്‍ന്ന് കഴിഞ്ഞ സ്ഥിതിക്ക് ഇക്കാര്യത്തിലും അവരെ പിന്തുണയ്ക്കുമോ?

4. റെയില്‍വേ സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും മരുന്ന് കമ്പനികള്‍ക്ക് തോന്നിയ പോലെ വിലയിടാനുള്ള നിയമ സഹായവും ഞങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നവയാണ്. നിങ്ങളുടെ പാര്‍ട്ടിയുടെ വികസന പദ്ധതികളെ സാക്ഷാത്കരിക്കാന്‍ ഈ നീക്കങ്ങള്‍ അത്യാവശ്യമായിരുന്നു എന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ?

5. ചരിത്രം, ശാസ്ത്രം, സാമൂഹിക വിഷയങ്ങള്‍ എന്നിവയുടെ സമാധാനപരമായ പഠിക്കലും പഠിപ്പിക്കലും ബുദ്ധിമുട്ടാവുന്ന സ്ഥിതിയാണ് ഹിന്ദുത്വവാദികളെ കൊണ്ട് വന്നു പെട്ടിരിക്കുന്നത്. അഭ്യസ്തവിദ്യയായ ഒരു സ്ത്രീ എന്ന നിലയ്ക്ക് വിദ്യാഭ്യാസത്തിന്റെ ഈ അളവിലുള്ള പാര്‍ട്ടിവത്കരണത്തെ നിങ്ങള്‍ അനുകൂലിക്കുന്നുവോ?

ചോദ്യങ്ങളില്‍ നിന്ന് ഓടിഒളിക്കുന്ന ഒരാളല്ല നിങ്ങളെന്നു ഞങ്ങള്‍ക്കറിയാം. സ്ത്രീ സുരക്ഷയോടുള്ള പ്രതിബദ്ധതയ്ക്ക് മുന്പ് അംഗീകരിക്കപ്പെവരുമാണ്. ഇന്ത്യയിലെ സ്ത്രീ ശക്തിയുടെ ഒരു ബിംബമെന്ന നിലയ്ക്ക് നിങ്ങള്‍ നടത്തിയ രാഷ്ട്രീയ തിരഞ്ഞെടുപ്പ് ഞങ്ങളില്‍ പലരെയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട് മേല്‍ പറഞ്ഞ വിഷയങ്ങളില്‍ ഉത്തരം കിട്ടുന്നതോടെ ഞങ്ങളുടെ സംശയങ്ങള്‍ക്കും മറുപടി കിട്ടും. പ്രതികരിക്കാനപേക്ഷ എന്നിങ്ങനെയാണ് പേജിലെ ഈ പോസ്റ്റ് അവസാനിക്കുന്നത്.

ആയിരത്തിലധികം ലൈക്കുകളാണ് പേജ് തുടങ്ങിയതിനു പിന്നാലെ ലഭിച്ചത്. അതേ സമയം ഫേസ്ബുക്ക് പേജിനു പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ പോസ്റ്റിനോട് എങ്ങനെയാണ് കിരണ്‍ബേദി മറുപടി നല്‍കുക എന്ന് സോഷ്യല്‍ മീഡിയ ഉറ്റുനോക്കുന്നുണ്ട്. ഫേസ്ബുക്ക് പേജില്‍ കിരണ്‍ ബേദിയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ലിങ്കുകളും ചേര്‍ത്തിട്ടുണ്ട്. അതിനാല്‍ ഇതിനോട് പ്രതികരിക്കുന്ന വാര്‍ത്തകള്‍ മുഴുവനും പേജില്‍ എത്തിക്കാന്‍ അതിന്റെ അണിയറക്കാര്‍ ശ്രമിക്കുന്നുണ്ട്. ഏതായാലും കിരണ്‍ബേദിയുടെ രാഷ്ട്രീയ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് ഈ അഞ്ച് ചോദ്യങ്ങള്‍ എന്നതില്‍ സംശയമില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :