aparna shaji|
Last Modified ചൊവ്വ, 5 ജൂലൈ 2016 (16:39 IST)
ദേശീയപാതയുടെ വീതി 45 മീറ്റർ ആക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ജനങ്ങൾ ആശങ്കയിലാണ് നോക്കികാണുന്നത്. അഭിപ്രായങ്ങൾ രണ്ടാണ്. റോഡ് വികസിച്ചാലേ നാടു വികസിക്കൂ! 25 കൊല്ലം അപ്പുറത്തെ വാഹനപ്പെരുപ്പം നാം മുൻ കൂട്ടി കാണണം. എന്നു പറയുന്നവരും, നാടോടുമ്പോൾ നടുകെ ഓടാൻ നമ്മളെ കിട്ടൂല എന്നു പറയുന്നവരും ഉണ്ട്.
പെരുവഴിയുടെ പേരിൽ ആളുകളെ " വഴിയാധാരം " ആക്കുന്ന പ്രാകൃത നിലപാടുകൾ ഭരണകൂടങ്ങൾ തിരുത്തണം. റോഡ് പണി പൂർത്തീകരിച്ച ശേഷം ഹൈവേ റ്റോൾ ഏർപ്പെടുത്തുമ്പോൾ അതിൽ അഞ്ചോ പത്തോ ശതമാനം റോഡിനായി സ്ഥലം വിട്ടു കൊടുത്തവർക്കുള്ള പ്രത്യേക ക്ഷേമനിധി രൂപീകരിച്ചു നൽകാനും വ്യവസ്ഥയുണ്ടാകണം. ഇതൊക്കെ നൽകാമെന്നു
സർക്കാർ സമ്മതിച്ചാലും പിന്നേം പിടിവാശിയും മസിലുപിടുത്തവുമായി നിൽക്കുന്നവരോട് പറഞ്ഞ് മനസ്സിലാക്കുക എന്നും അഭിപ്രായം പറയുന്നവർ ഉണ്ട്.
ശരിക്കും എന്താണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്?. പദ്ധതി നല്ലതാണോ, നഷ്ടമാണോ? തുടങ്ങിയ കാര്യങ്ങളിൽ സംശയങ്ങൾ നിരവധിയാണ്. 30 മീറ്ററും അതില്‍ താഴെയും വീതിയുള്ള നാഷണല്‍ ഹൈവേ പല സംസ്ഥാനങ്ങളിലുമുള്ളപ്പോള്‍ കേരളത്തിന്റെ കാര്യത്തില്‍ മാത്രം എന്തിനാണ് പിടിവാശി കാണിക്കുന്നതെന്ന് വിദശീകരിക്കേണ്ടതുണ്ട് എന്നും പറയുന്നവരുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലൂടെ കടന്നുപോകുന്നവർക്ക് വാഹനങ്ങൾ നിറഞ്ഞൊഴുകുന്ന റോഡിന് ഇരുവശവും 38 വർഷങ്ങൾക്ക് മുൻപ് സർക്കാർ ഏറ്റെടുത്ത ഭൂമി കാടുകയറികിടക്കുന്നത് കാണാം. 30 മീറ്ററിൽ ദേശീയപാത നിർമ്മിക്കാൻ ഒരു തടസവും അന്നുണ്ടായിരുന്നില്ല, പക്ഷേ അന്നൊന്നും നടന്നില്ല. എന്നാൽ ഇന്ന് നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ പ്രശ്നങ്ങളും തടസ്സങ്ങളും ഒരുപാടാണ്.
കേരളത്തിൽ വാഹനപ്പെരുപ്പം ഉണ്ടായതോടെ ദേശീയപാത വികസനത്തിന് 60 മീറ്ററെങ്കിലും വേണമെന്ന് നാഷണൽ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ദേശീയപാത 60 മീറ്റർ വേണമെന്ന അഭിപ്രായം ഒരുപാട് ചർച്ചകൾക്ക് ശേഷം 45 ആയിമാറുകയായിരുന്നു. എന്നാൽ, കേരളത്തിൽ മാത്രം അത്ര എളുപ്പത്തിൽ ഈ പദ്ധതി നടപ്പിലാക്കാൻ കഴിയുന്നില്ല. രണ്ട് കാരണങ്ങളാണ് അതിനുള്ളത്, ഒന്ന്- ജനങ്ങളുടെ എതിർപ്പ് മൂലം റോഡ് വികസനം സാധ്യമാകുന്നില്ല. രണ്ട്- വാഹനങ്ങളുടെ പെരുപ്പം അസാധാരണമായ വേഗതയിൽ വളരുന്നു.
റോഡ് വികസനം വേണം, പക്ഷേ ആയിരങ്ങളുടെ പുനരധിവാസം എങ്ങനെ സാധ്യമാകും എന്ന കാര്യം എല്ലാവരേയും കുഴക്കി. വാഹനപ്പെരുപ്പത്തിന്റെ പുതിയ സാഹചര്യത്തിൽ നാല് വരി പാതയിലൂടെ വാഹനങ്ങൾക്ക് 80-100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാമെന്നാണ് അതോറിറ്റി ഉറപ്പ് പറയുന്നത്. രണ്ട് പാതയുടെയും നടുക്ക് 4.5 മീറ്റർ വീതിയുണ്ടാകും. റോഡ് ക്രോസിംഗിന് ഇതു പ്രയോജനപ്പെടും. ദേശീയ പാത വികസനം 38 വർഷമായി നിൽക്കുന്നിടത്തു തന്നെ നിൽക്കുകയും വിവാദങ്ങൾ കത്തിപടരുകയും ചെയ്യുന്ന അവസ്ഥ നിർത്തലാക്കിയില്ലെങ്കിൽ വികസനമെന്നത് കാണാൻ സാധിക്കില്ല.