ശ്രീനഗര്‍|
VISHNU N L|
Last Modified വെള്ളി, 12 ജൂണ്‍ 2015 (19:43 IST)
കശ്മീരില്‍ വിഘടന വാദികള്‍ നടത്തിയ റാലിക്കിടെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ പതാകയുമേന്തി ചിലര്‍ രംഗത്തെത്തി. ശ്രീനഗറിലെ നൗഹാട്ടയില്‍ ജമാമസ്ജിദിനു സമീപമായിരുന്നു സംഭവം. പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളികളുമായി നീങ്ങിയ പ്രകടനക്കാര്‍ സമീപത്തുണ്ടായിരുന്ന സുരക്ഷാസൈനികര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു.
ഹൂറിയത് നേതാവ് മിര്‍വേയ്‌സ് ഉമര്‍ ഫാറൂഖും പ്രകടനക്കാര്‍ക്ക് ഒപ്പമുണ്ടായിരുന്നു. പള്ളിയിലേക്കുള്ള റോഡ് പൂര്‍ണമായി ഉപരോധിച്ചായിരുന്നു റാലി. 2010 ലെ സംഘര്‍ഷത്തില്‍ പ്രശ്‌നബാധിത മേഖലകളില്‍ ഒന്നായിരുന്നു നൗഹാട്ടി.
ശ്രീനഗറില്‍ പാക് അനുകൂല പതാകയുമായി ഹൂറിയത് നേതാക്കള്‍ നേരത്തെ റാലി നടത്തിയത് വിവാദമായിരുന്നു. അതിര്‍ത്തി വിഷയത്തില്‍ പാകിസ്ഥാനും ഇന്ത്യയും തമ്മിലുളള വാക്‌പോര് മുറുകുന്നതിനിടെയാണ് ശ്രീനഗറില്‍ പാക് അനുകൂല മുദ്രാവാക്യവും ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കൊടിയുമേന്തി പ്രകടനം നടത്തിയത്.