നാളെ തമിഴ്‌നാടിനെയും ബംഗാളിനെയും നിങ്ങള്‍ വിഭജിക്കും, ഇത് നിങ്ങള്‍ എവിടെയും പ്രയോഗിക്കും - പൊട്ടിത്തെറിച്ച് ചിദംബരം

Kashmir, Article 370, J&K, Chidambaram, കശ്മീര്‍, ജമ്മു കശ്മീര്‍, ചിദംബരം, നരേന്ദ്രമോദി, അമിത് ഷാ
ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2019 (16:35 IST)
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വിഷയത്തില്‍ രാജ്യസഭയില്‍ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. അത്യന്തം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തീരുമാനമാണ് ഇതെന്നും ജമ്മു കശ്മീരിനെ വിഭജിക്കുകയും ഛിന്നഭിന്നമാക്കുകയും ചെയ്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും ചിദംബരം ആരോപിച്ചു.

“ഒരു സംസ്ഥാനത്തെ നിങ്ങള്‍ കഷ്‌ണങ്ങളായി മുറിച്ചു. ഈ വകുപ്പിനെ തെറ്റായി മനസിലാക്കിയും വ്യാഖ്യാനിച്ചും ഏത് സംസ്ഥാനത്തും നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയും. ഇതുപയോഗിച്ച് ഭാവിയില്‍ തമിഴ്‌നാടിനെയോ പശ്ചിമബംഗാളിനെയോ വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങള്‍ സൃഷ്ടിക്കാനാവും. ഈ രീതി ഏത് സംസ്ഥാനത്തും പ്രയോഗിക്കാനാവും. കശ്മീരിലെ ജനങ്ങളുടെ പേരുപറഞ്ഞാണ് നിങ്ങള്‍ ജമ്മു കശ്മീരിനെ വിഭജിച്ചത്, അത് ചെയ്യരുത്” - ചിദംബരം പൊട്ടിത്തെറിച്ചു.

ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇതെന്നും ചിദംബരം പറഞ്ഞു. “സ്വപ്നത്തില്‍ പോലും കരുതാനാകാത്ത ഒരു നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്” - ചിദംബരം പറഞ്ഞു.

കശ്മീരില്‍ അതിസാഹസികമായ എന്തോ നീക്കത്തിനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് താന്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായും എല്ലാ ജനാധിപത്യ രീതികളെയും സര്‍ക്കാര്‍ അട്ടിമറിക്കുമെന്നതിന്റെ ഉദാഹരണമാണ് നേതാക്കളുടെ വീട്ടുതടങ്കലെന്നും ചിദംബരം നേരത്തേ ട്വിറ്ററില്‍ കുറിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :