ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 21 മെയ് 2018 (09:15 IST)
കര്‍ണാടക മന്ത്രിസഭാരൂപീകരണം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി കോൺഗ്രസ് ജെഡിഎസ് നേതാക്കൾ ഇന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണും.
ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജി പരമേശ്വരയുമാണ് രാഹുലിനെയും സോണിയ ഗാന്ധിയേയും കാണുക. ചര്‍ച്ചയില്‍ കോൺഗ്രസ് മന്ത്രിമാരുടെ പട്ടികയും തയ്യാറാകുമെന്നാണ് സൂചന.
ഇരുകക്ഷികൾക്കും എത്ര വീതം മന്ത്രിമാർ ഉണ്ടാവുമെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. അതേസമയം, ഉപമുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായി എന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്.
സോണിയ ഗാന്ധിയെയും രാഹുലിനെയും ബുധനാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കുമാരസ്വാമി ഇന്ന് ക്ഷണിക്കും. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ.
കോൺഗ്രസിൽ നിന്ന് 20 പേർക്കും ജെഡിഎസില്‍ നിന്നും 13 പേർക്കും മന്ത്രിസ്ഥാനം ലഭിക്കുമെന്നാണു സൂചന. മുഖ്യമന്ത്രിസ്ഥാനം ജെഡിഎസിന് ലഭിക്കുമ്പോള്‍ കോൺഗ്രസിൽ നിന്നുള്ള പ്രധാന നേതാവ് ഉപമുഖ്യമന്ത്രിയാകും. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജി പരമേശ്വരയായിരിക്കും ഉപമുഖ്യമന്ത്രിയാവുക എന്നാണറിയുന്നത്. ഡികെ ശിവകുമാറിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
മുഖ്യമന്ത്രിസ്ഥാനം നിശ്ചിത ഇടവേളയ്ക്കു ശേഷം പങ്കിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് കുമാരസ്വാമി ഞായറാഴ്‌ച വ്യക്തമാക്കിയിരുന്നു. നിശ്ചിതകാലയളവിന് ശേഷം മുഖ്യമന്ത്രിസ്ഥാനം വിട്ടുനല്‍കാമെന്ന് കോണ്‍ഗ്രസുമായി കരാറില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞിരുന്നു.