അഭിറാം മനോഹർ|
Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (20:02 IST)
മുംബൈയിലെ തന്റെ ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റിയ സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ നടി
കങ്കണ റണാവത്ത്. തനിക്കെതിരെ നടക്കുന്ന പ്രവർത്തനങ്ങൾ ഭീകരപ്രവർത്തികളാണെന്നും ഉദ്ധവ് താക്കറെയുടെ അഹങ്കാരം നാളെ ഇല്ലാതെയാവുമെന്നും കങ്കണ വെല്ലുവിളിച്ചു.
അതേസമയം മുംബൈയിൽ തിരിച്ചെത്തിയ കങ്കണയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകരും അണിനിരന്നതോടെ വിമാനത്താവള പരിസരം പോർമുഖമായി. മൂന്ന് മണിയോടെ വിമാനത്താവളത്തിലെത്തിയ കൺകണയെ സുരക്ഷാ കമാൻഡോകളാണ് പുറത്തെത്തിച്ചത്. അവിടെനിന്നും പാലി ഹില്ലിൽ രാവിലെ മുംബൈ കോർപ്പറേഷൻ പൊളിച്ച ഓഫീസ് കെട്ടിടത്തിലേക്കാണ് നടി നേരെ പോയത്. സംഭവസ്ഥലത്തെ ദൃശ്യങ്ങൾക്കൊപ്പം ഉദ്ദവ് താക്കറെയ വെല്ലുവിളിച്ച് വീഡിയോ സന്ദേശവും കങ്കണ ട്വീറ്റ് ചെയ്തു.
കെട്ടിടം പൊളിക്കൽ നടപടികൾക്കെതിരെ കങ്കണ ബോംബെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയെങ്കിലും കെട്ടിടത്തിന്റെ ഭൂരിഭാഗവും അതിന് മുൻപ് തന്നെ പൊളിച്ചുനീക്കിയിരുന്നു. അതേസമയം കങ്കണയുടെ ഹർജി നാളെ പരിഗണിക്കും.