ന്യൂഡല്‍ഹി|
JOYS JOY|
Last Updated:
ശനി, 27 ഫെബ്രുവരി 2016 (09:22 IST)
രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത് ജയിലിലടച്ചിരിക്കുന്ന ജെ എന്‍ യു വിദ്യാര്‍ത്ഥി കനയ്യ കുമാര്‍ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് സുരക്ഷഗാര്‍ഡും പൊലീസ് കോണ്‍സ്റ്റബിളും. ഒരു ദേശീയ ചാനലിന്റെ ഒളിക്യാമറയിലാണ് ഇരുവരും ഇക്കാര്യം വെളിപ്പെടുത്തിയത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണത്തെ തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ക്ക് ഇവര്‍ ഇരുവരും ദൃക്‌സാക്ഷികള്‍ ആയിരുന്നു.
കനയ്യയുടെ നേതൃത്വത്തില്‍ കാമ്പസിലെ ഗംഗാ ധാബ മുതല്‍ സബര്‍മതി ധാബ വരെ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിന് ഒടുവില്‍ കനയ്യ പ്രസംഗിച്ചെന്നും എന്നാല്‍ മുദ്രാവാക്യം മുഴക്കിയില്ലെന്നുമാണ് ഇവര്‍ ഒളിക്യാമറയില്‍ പറഞ്ഞത്.
വിവാദ പരിപാടി നടന്നത് സബര്‍മതി ധാബയ്ക്ക് സമീപമായിരുന്നു. ഇതില്‍ കാമ്പസിന് പുറത്തുള്ള 10 - 15 പേര്‍ ഉണ്ടായിരുന്നുവെന്ന് സുരക്ഷ ജീവനക്കാരനായ അമര്‍ജീത് പറഞ്ഞു. സ്ഥലത്ത് മഫ്‌തിയില്‍ ഉണ്ടായിരുന്ന രാംബീര്‍ എന്ന കോണ്‍സ്റ്റബിള്‍ കനയ്യ മുദ്രാവാക്യം മുഴക്കിയിരുന്നില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
അതേസമയം, ഉമര്‍ ഖാലിദ് മുദ്രാവാക്യം വിളിച്ചിരുന്നെന്നും ഇവര്‍ വ്യക്തമാക്കുന്നു. വൈസ് ചാന്‍സലറുടെ പരാതി ഔദ്യോഗികമായി ലഭിക്കാത്തതിനാല്‍ പൊലീസ് ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ രാംബീറും അമര്‍ജീത്തും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.