‘എന്റെ പേര് ഉമര്‍ ഖാലിദ്, ഞാന്‍ ഒരു ഭീകരവാദിയല്ല’ - ജെ എന്‍ യു വിദ്യാര്‍ത്ഥി പറയുന്നു

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2016 (11:00 IST)
തന്റെ പേര് ഉമര്‍ ഖാലിദ് എന്നാണെന്നും എന്നാല്‍ താന്‍ ഒരു ഭീകരവാദി അല്ലെന്നും ജെ എന്‍ യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ്. താന്‍ ഒരു ഭീകരവാദിയാണെന്നാണ് ആരോപിക്കപ്പെടുന്നത്. എന്നാല്‍, ഇതുവരെ ഒരിക്കല്‍ പോലും പാകിസ്ഥാനില്‍ പോയിട്ടില്ല. പാസ്പോര്‍ട്ട് ഇല്ലെന്നും ഉമര്‍ ഖാലിദ് വ്യക്തമാക്കി.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടന്നതിനു ശേഷം ഒളിവില്‍ പോയ ഉമര്‍ ഖാലിദും സുഹൃത്തുക്കളും ഞായറാഴ്ച രാത്രിയോടെ സര്‍വ്വകലാശാലയില്‍ എത്തിയിരുന്നു. തുടര്‍ന്ന്, കാമ്പസിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ആണ് ഉമര്‍ ഖാലിദ് ഇങ്ങനെ പറഞ്ഞത്.

‘ഫെബ്രുവരി ഒമ്പതിന് കാമ്പസില്‍ സംഘടിപ്പിച്ച പരിപാടിയല്ല അക്രമങ്ങള്‍ക്ക് കാരണം. പക്ഷേ, സര്‍ക്കാര്‍ ഞങ്ങളെ ആക്രമിക്കാന്‍ ഒരു കാരണം നോക്കി നടക്കുകയാണ്. മാധ്യമവിചാരണ എന്നെ ഒരു ഭീകരവാദിയാക്കി മാറ്റി’ - അദ്ദേഹം പറഞ്ഞു.

ഖാലിദിനൊപ്പം ഒളിവില്‍ പോയ മറ്റു നാലു വിദ്യാര്‍ത്ഥികളും സര്‍വ്വകലാശാലയില്‍ എത്തിയിരുന്നു. അനന്ത് പ്രകാശ് നാരായണ്‍, അഷുതോഷ് കുമാര്‍, രാമ നാഗ, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നീ വിദ്യാര്‍ത്ഥികള്‍ ആണ് ഖാലിദിനൊപ്പം ഞായറാഴ്ച ജെ എന്‍ യു കാമ്പസില്‍ എത്തിയത്.

കശ്‌മീരിലേക്കും ഗള്‍ഫിലേക്കുമായി താന്‍ 800 ഫോണ്‍വിളികള്‍ നടത്തിയിട്ടുണ്ടെന്ന മാധ്യമറിപ്പോര്‍ട്ട് ഖാലിദ് നിഷേധിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :