ചെന്നൈ|
സജിത്ത്|
Last Modified ബുധന്‍, 17 ജനുവരി 2018 (10:10 IST)
സൂപ്പർ താരം കമൽഹാസന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഫെബ്രുവരി 21ന്. തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്നു സംസ്ഥാനവ്യാപകമായ പര്യടനവും അന്നുതന്നെ തുടങ്ങുമെന്നും കഴിഞ്ഞദിവസം കമൽ ഹാസൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
വിവിധ ഘട്ടങ്ങളായാണ് പര്യടനം നടക്കുക. കമലിന്റെ ജന്മനാടായ രാമനാഥപുരത്തു നിന്ന് ആരംഭിക്കുന്ന പര്യടനം പിന്നീട് ഡിണ്ടിഗൽ, മധുര, ശിവഗംഗ എന്നീ ജില്ലകളിലുമുണ്ടാകും. ഇതോടെയായിരിക്കും ഔദ്യോഗികമായി കമൽ ഹാസൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പര്യടനം ആരംഭിക്കുന്ന അന്നുതന്നെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേരു പ്രഖ്യാപിക്കുമെന്നും മുന്നോട്ടു നയിക്കേണ്ട തത്വങ്ങളും നയങ്ങളും പ്രഖ്യാപിക്കുമെന്നും കമൽ അറിയിച്ചു. മാത്രമല്ല, തമിഴ്നാട് രാഷ്ട്രീയത്തിൽ കുറച്ചുകാലങ്ങളായി നിലനിൽക്കുന്ന മാറ്റമില്ലാത്ത അവസ്ഥയെ വെല്ലുവിളിച്ചാണു താൻ ഇറങ്ങുന്നതെന്നും കമല്‍ പറഞ്ഞു.
തമിഴ്നാട്ടിലെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെങ്കില്‍ തന്റെ ചിന്തകളും പ്രവൃത്തികളുമെല്ലാം തമിഴ് ജനതയോടൊപ്പം നിൽക്കണം. അതിനു വേണ്ടിയാണ് സംസ്ഥാന പര്യടനം നടത്തുന്നത്. ജനങ്ങൾക്ക് എന്താണു വേണ്ടതെന്നു മനസ്സിലാക്കണം. അവരുടെ പ്രശ്നങ്ങൾ കണ്ടറിയണമെന്നും കമല്‍ വ്യക്തമാക്കി.