ന്യൂഡൽഹി|
aparna shaji|
Last Modified ശനി, 7 ജനുവരി 2017 (08:32 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിച്ച അഴിമതി ആരോപണം സംബന്ധിച്ച് അദ്ദേഹത്തിനെതിരെ തെളിവില്ലെന്ന് ആദായനികുതി സെറ്റിൽമെന്റ് കമ്മിഷൻ വ്യക്തമാക്കി. ഇതോടെ ഈ സംഭവത്തിൽ ഈ മാസം 11നു സുപ്രീം കോടതി കൈക്കൊള്ളുന്ന തീരുമാനമേ അറിയാനുള്ളൂ.
രാഷ്ട്രീയക്കാർക്ക് ആർക്കും സഹാറ ഗ്രൂപ്പ് പണം നൽകിയതായി തെളിവില്ലെന്നാണ് ഐ ടി സെറ്റിൽമെന്റ് കമ്മിഷന്റെ നിഗമനം. സഹാറ ഗ്രൂപ്പിനെതിരെ പ്രോസിക്യൂഷൻ നടപടി ആരംഭിക്കാനോ പിഴ ഈടാക്കാനോ തെളിവില്ല എന്നാണു കമ്മിഷൻ പറയുന്നത്. സാധാരണ ഇത്തരം ഒരന്വേഷണം പൂർത്തിയാക്കാൻ കമ്മിഷൻ 10 മുതൽ 12 മാസം വരെ സമയമെടുക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. എന്നാൽ സഹാറയുടെ കാര്യത്തിൽ അവർ തിരക്കിട്ടു തീരുമാനമെടുത്തിരിക്കുകയാണ്. എന്തിനാണു തിടുക്കമെന്ന് രാഹുൽ ചോദിക്കുന്നു.
ആദായനികുതി റെയ്ഡിനിടയിൽ പിടിച്ചെടുത്ത രേഖകളിൽ നിന്നാണു നേതാക്കൾക്കു പണം നൽകിയതായി കണ്ടെത്തിയത്. ഇക്കൂട്ടത്തിൽ അന്നു ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിയും ഉൾപ്പെടുന്നു. ഇതോടൊപ്പം ബിർള ഗ്രൂപ്പിൽ നിന്നും മോദി പണം കൈപ്പറ്റിയിരുന്നു എന്നാണ് ആരോപണം. ഇത് സത്യമല്ലെന്നാണ് സഹാറ നൽകിയ വിശദീകരണം. കമ്മിഷൻ ഈ വിശദീകരണം അംഗീകരിച്ചു എന്നാണ് ഉത്തരവിൽ നിന്നു വ്യക്തമാകുന്നത്.