ന്യൂഡല്‍ഹി|
JOYS JOY|
Last Modified ശനി, 20 ഫെബ്രുവരി 2016 (18:50 IST)
രാജ്യദ്രോഹക്കുറ്റം ചുമത്തി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഉണ്ടായ അക്രമസംഭവങ്ങള്‍ ആസൂത്രിതമായിരുന്നെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കനയ്യ കുമാറിനു മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. തുടര്‍ന്ന്, അദ്ദേഹത്തെ പട്യാല ഹൌസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അദ്ദേഹത്തിനെതിരെ ആക്രമണം ഉണ്ടായിരുന്നു. ഇത് സംഘടിതവും ആസൂത്രിതവുമായിരുന്നെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്റെ വസ്തുതാന്വേഷണ സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്.
കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഭരണഘടനയോട് വിധേയത്വം പ്രഖ്യാപിച്ച് കനയ്യയെക്കൊണ്ട് പ്രസ്താവന നല്കിച്ചത് പൊലീസ് മാനസികസമ്മര്‍ദം ചെലുത്തിയാണെന്നും സംഘം പറഞ്ഞു. പ്രസ്താവനയുടെ ഉള്ളടക്കവും ആസൂത്രണവും കൈകാര്യം ചെയ്തതും പൊലീസാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആരോപിക്കപ്പെടുന്നതു പോലുള്ള കുറ്റകൃത്യങ്ങളൊന്നും കനയ്യ ചെയ്തിട്ടില്ല. കോടതിമുറിക്കുള്ളില്‍ പൊലീസിന്റെ സാന്നിധ്യത്തിലും കനയ്യക്ക് മര്‍ദ്ദനമേറ്റു. എന്നാല്‍, ഇക്കാര്യം പൊലീസിന്റെ അന്വേഷണത്തിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കനയ്യയുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ ആശങ്കയിലാക്കുന്നതാണ് സംഭവവികാസങ്ങളെന്നും മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്വേഷണസംഘം പറയുന്നു.