കനയ്യക്കെതിരെയുണ്ടായ ആക്രമണം സംഘടിതവും ആസൂത്രിതവുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍; പൊലീസ് ഒന്നും ചെയ്‌തില്ല, ഡല്‍ഹി പൊലീസിനെതിരെ കമ്മീഷന്‍

  ജെഎന്‍യു സംഭവം , ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ , ആര്‍എസ്എസ് , പട്യാലഹൗസ് കോടതി , കനയ്യ കുമാര്‍
ന്യൂഡല്‍ഹി| jibin| Last Modified ശനി, 20 ഫെബ്രുവരി 2016 (08:19 IST)
ജെഎന്‍യു സംഭവത്തില്‍ ഡല്‍ഹി പൊലീസിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. കനയ്യ കുമാറിനെതിരെ പട്യാലഹൗസ് കോടതിയിലുണ്ടായ ആക്രമണം സംഘടിതവും ആസൂത്രിതവുമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ
വസ്തുതാന്വേഷണ സംഘം വ്യക്തമാക്കി. കോടതി പരിസരത്തുണ്ടായ ആക്രമണം സംഘടിതവും ആസൂത്രിതവുമായിരുന്നു. കസ്റ്റഡിയില്‍ കനയ്യയെ മാനസികമായി പീഡിപ്പിക്കപ്പെട്ടു. ഈ വിഷയങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ കമ്മീഷനു സമര്‍പ്പിച്ചു.

കോടതിവളപ്പില്‍ ആര്‍എസ്എസ് അനുഭാവികളായ അഭിഭാഷകര്‍ കനയ്യ കുമാറിനെ അധിക്ഷേപിക്കുകയും ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു. സമീപത്തെ കോടതിമുറിയിലും ഇതുതന്നെ സംഭവിച്ചു. എന്നാല്‍ അക്രമം തടയാന്‍ ഡല്‍ഹി പൊലീസ് ഒന്നുംചെയ്‌തില്ല. പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരവീഴ്ചയാണ് സംഭവിച്ചത്. അക്രമികളെ തിരിച്ചറിഞ്ഞ കനയ്യ വിവരം പൊലീസിനെ ധരിപ്പിച്ചിട്ടും നടപടിയെടുക്കാന്‍ തയാറായില്ലെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി.

കോടതി പരിസരത്തുണ്ടായ ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് മനസ്സിലാവുന്നത്. കനയ്യയുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ ആശങ്കയിലാക്കുന്നതാണ് സംഭവവികാസങ്ങളെന്നും കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടിന്റെ കോപ്പി ഡല്‍ഹി പൊലീസ് കമീഷണര്‍ക്കും തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറലിനും കൈമാറിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :