aparna shaji|
Last Modified വ്യാഴം, 19 മെയ് 2016 (14:26 IST)
നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം കാഴ്ച വെച്ച പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് അഭിനന്ദനമറിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വി എസിനെ വിളിച്ചു. മോദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിൽ കുറിച്ചത്. തെരഞ്ഞെടുപ്പിൽ ഉജ്ജ്വലവിജയമാണ് വി എസും അദ്ദേഹത്തിന്റെ പാർട്ടിയും കാഴ്ച വെച്ചിരിക്കുന്നത് എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം, എൻ ഡി എയെ സപ്പോർട്ട് ചെയ്ത ജനങ്ങൾക്ക് നന്ദി അറിയിച്ച് കൊണ്ടും
പ്രധാനമന്ത്രി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ബി ജെ പിയെ സപ്പോർട്ട് ചെയ്ത അസം, തമിഴ്നാട്, കേരളം, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളോട് നന്ദി അറിയിക്കുന്നു. നല്ല രീതിയിൽ പ്രവർത്തിക്കുമെന്ന് നിങ്ങൾക് വാക്കു നൽകുന്നു, ജനങ്ങളെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ് എന്നാണ് മോദി ട്വീറ്റ് ചെയ്തത്.
തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തന്നെ കേരളത്തിലെ എൽ ഡി എഫ് പ്രവർത്തകരോട് കലക്കിയെന്ന അഭിനന്ദനവുമായി സി പി എം പൊളിറ്റിക് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് രംഗത്തെത്തിയിരുന്നു. എക്സിറ്റ് പോളിന്റെ ഫലത്തോട് സമാനമായ രീതിയിൽ ആണ് പുറത്ത് വന്നിരിക്കുന്ന യഥാർത്ഥ ഫലവും. രാവിലെ എട്ട് മുതൽ ആരംഭിച്ച വോട്ടെണ്ണൽ 12 മണിയോടെ അവസാനിച്ചു. കനത്ത സുരക്ഷയിലായിരുന്നു സംസ്ഥാനത്ത് വോട്ടെണ്ണിയത്.