ഒരു ജീവന്‍ പോലും നഷ്‌ടമായില്ല; കശ്‌മീരിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് ചീഫ് സെക്രട്ടറി

  jammu and kashmir , police , pakistan , india , ജമ്മു കശ്‌മീര്‍ , ഇന്ത്യ , പാകിസ്ഥാന്‍ , സുബ്രഹ്‌മണ്യം
ശ്രീനഗർ| Last Modified വെള്ളി, 16 ഓഗസ്റ്റ് 2019 (17:57 IST)
ജമ്മു കശ്‌മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് ചീഫ് സെക്രട്ടറി ബി വി ആര്‍ സുബ്രഹ്മണ്യം. കശ്‌മീരിലെ ജനജീവിതം സാധാരണ നിലയിലാണ്. ടെലിഫോൺ സംവിധാനം ഘട്ടം ഘട്ടമായി പുനസ്ഥാപിക്കും. ക്രമസമാധാനം നിലനിർത്താനള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

22 ജില്ലകളിൽ 12 എണ്ണം സാധാരണ നിലയിലാണ്, അഞ്ച് ഇടങ്ങളിൽ മാത്രമാണ് ചെറിയ തോതിൽ നിയന്ത്രണങ്ങളുള്ളത്. നിയന്ത്രണങ്ങൾ കുറച്ചു കൊണ്ടു വരുകയാണ്. ഒരു ജീവന്‍ പോലും നഷ്ടപ്പെടുകയോ ഒരാള്‍ക്കു പോലും ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്‌തിട്ടില്ല. സമാധാനപാലനത്തിനായി ചില കരുതല്‍ തടങ്കലുകള്‍ വേണ്ടിവന്നുവെന്നു മാത്രം. വരും ദിവസങ്ങളിൽ നിലവിലെ സ്ഥിതിക്ക് അയവുണ്ടാകുമെന്നും
ചീഫ് സെക്രട്ടറി പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കും. സർക്കാർ സ്ഥാപനങ്ങളും അധികം വൈകാതെ പ്രവർത്തിച്ച് തുടങ്ങും. സമാധാനം തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കും. വികസനപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കും. അതിനൊപ്പം മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കും.

12 ദിവസങ്ങൾക്ക് മുമ്പാണ് കശ്‌മീരില്‍ നിയന്ത്രണങ്ങളും നിരോധനാജ്ഞയും ഏർപ്പെടുത്തിയത്. കശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്നതുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാർ ഇവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :