ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ 300 യസീദികളെ ഉന്മൂലനം ചെയ്തു

ബാഗ്ദാദ്| vishnu| Last Modified ഞായര്‍, 3 മെയ് 2015 (15:44 IST)
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ 300 പേരെ കൂട്ടക്കൊല ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ഭീകരര്‍ പിടിച്ചെടുത്ത സ്ഥലങ്ങളില്‍ നിന്ന് തടവുകാരായി പിടികൂടിയ യസീദി മത വിശ്വാസികളെയാണ് ഇസ്ലാമിക് സ്റ്റേറ്റ് കൂട്ടക്കൊലയ്ക്ക് ഇരയാക്കിയതെന്നാണ് വിവരം. അഫര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് കൂട്ടക്കുരുതി നടന്നതെന്ന് യെസീദി പ്രോഗ്രസ് പാര്‍ട്ടിയാണ് വ്യക്തമാക്കിയത്.

എങ്ങനെയാണ് ഇവരെ കൊലപ്പെടുത്തിയതെന്നോ എന്തായിരുന്നു പ്രകോപനമെന്നോ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തിനു പിന്നാലെ ഭീകരര്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
സംഭവത്തെ ഇറാഖി വൈസ് പ്രസിഡന്റ് ഒസാമ അല്‍ നുജൈഫി അപലപിച്ചു. ഭയാനകവും പ്രാകൃതവുമായ സംഭവമെന്നാണ് നുജൈഫി ഭീകരരുടെ പ്രവര്‍ത്തിയെ വിശേഷിപ്പിച്ചത്.

ഇറാഖിലെ ന്യൂനപക്ഷ വിഭാഗമാണ് യെസീദികള്‍. വടക്കന്‍ ഇറാഖിലെ സിന്‍ജാര്‍ ജില്ല കേന്ദ്രീകരിച്ച് താമസിച്ചിരുന്ന ഇവരെ പ്രദേശത്തിന്റെ നിയന്ത്രണം കൈയ്യാളിയിരുന്ന കുര്‍ദ്ദിഷ് സേനയെ പരാജയപ്പെടുത്തി ഇസ് ലാമിക് സ്റ്റേറ്റ് ഭീകരര്‍ തടവിലാക്കുകയായിരുന്നു.4000ത്തോളം യസീദികളാണ് ഇത്തരത്തില്‍ തടവിലായത്.

ഇവരില്‍ കുറച്ചുപേരെ നിരന്തരം ആവശ്യപ്പെട്ടതിനു പിന്നാലെ വിട്ടയച്ചിരുന്നു. ഇതില്‍ കൊച്ചുപെണ്‍കുട്ടികള്‍ മുതല്‍ യുവതികളും പ്രായമായവരും ഉണ്ടായിരുന്നു. എന്നാല്‍ ഇനിയും സ്ത്രീകളടക്കം നിരവധി പേര്‍ അടിമകളായി ഇസ് ലാമിക് സ്റ്റേറ്റ് ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്ന് യെസീദി പ്രോഗ്രസ് പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :