ബംഗളൂരു|
VISHNU N L|
Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (09:58 IST)
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും സുരക്ഷ ഉറപ്പാക്കാനുമായി രാജ്യത്ത് ഇന്റെര്‍നെറ്റ് റെഗുലേറ്ററി അതോറിറ്റി വരുന്നു. ട്രായ് മാതൃകയിലാകും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. സൈബര്‍ സുരക്ഷ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശകള്‍ പ്രകാരമാണ് പുതിയ അതോരിറ്റി വരുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബര്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുകയാവും അതോറിറ്റിയുടെ പ്രധാന ഉത്തരവാദിത്വം.
ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും സര്‍ക്കാര്‍ കടന്നുകയറുന്നുവെന്നും സമൂഹ മാധ്യമങ്ങള്‍ വന്‍ വിമര്‍ശം ഉന്നയിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ തീരുമാനമെടുക്കുകയാണ് അതോറിറ്റികൊണ്ട് കേന്ദ്രം ഉദ്ദേശിക്കുന്നത്.
സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും നിരീക്ഷണ സെല്ലുകള്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇന്റര്‍നെറ്റ് നിരീക്ഷണസംവിധാനത്തിന്റെ രൂപരേഖ ഏതാണ്ട് പൂര്‍ത്തിയായതായും കര്‍ണാടക അടക്കം 18 സംസ്ഥാനങ്ങളുമായി ചര്‍ച്ചനടത്തിവരികയാണെന്നും വിദഗ്ധസംഘം പറഞ്ഞു.
വിദഗ്ധസമിതി അംഗങ്ങളായ ഗ്ലോബല്‍ സൈബര്‍ സെക്യൂരിറ്റി റെസ്‌പോണ്‍സ് ടീം സി.ഇ.ഒ. ശുഭമംഗള സുനില്‍, നാഷണല്‍ സൈബര്‍ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. അമര്‍പ്രസാദ് റെഡ്ഡി എന്നിവര്‍ ബംഗളൂരുവില്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.