അത് ജയലളിതയുടെ ആശുപത്രി വാസത്തിന്‍റെ വീഡിയോ അല്ല? പോയസ് ഗാര്‍ഡനില്‍ നിന്നുള്ള വീഡിയോ എന്ന് ആരോപണം; പ്രചരിക്കുന്നത് വ്യാജ വീഡിയോ?

Jayalalithaa, Jayalalitha Hospital Video, Poes Garden, Sasikalaa, Dinakaran, Apollo, ജയലളിത, ആശുപത്രി വീഡിയോ, പോയസ് ഗാര്‍ഡന്‍, ശശികല, ദിനകരന്‍, അപ്പോളോ
ചെന്നൈ| BIJU| Last Modified ബുധന്‍, 20 ഡിസം‌ബര്‍ 2017 (12:38 IST)
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസത്തിന്‍റെ വീഡിയോ എന്ന രീതിയില്‍ പ്രചരിച്ച വീഡിയോ വ്യാജമാണെന്ന് അഭ്യൂഹമുയരുന്നു. അത് ആശുപത്രി വാസത്തിന്‍റെ വീഡിയോ അല്ലെന്നും ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെ ഒരു മുറിയില്‍ നിന്നുള്ള ദൃശ്യമാണെന്നുമാണ് ഇപ്പോള്‍ അഭ്യൂഹം ഉയരുന്നത്.

ആ വീഡിയോ ദൃശ്യത്തിലെ ജനാലയ്ക്കപ്പുറമുള്ള തണല്‍‌മരത്തിന്‍റെ ദൃശ്യമാണ് അത് പോയസ് ഗാര്‍ഡനാണെന്ന സംശയമുണര്‍ത്തുന്നത്. പോയസ് ഗാര്‍ഡന് ചുറ്റുമാണ് അത്തരം തണല്‍ മരങ്ങള്‍ ഉള്ളത്. മാത്രമല്ല ജനലരികില്‍ അത്തരം തണല്‍ മരങ്ങള്‍ നില്‍ക്കുന്ന ഫോട്ടോകളും ഇപ്പോല്‍ പുറത്തുവന്നിട്ടുണ്ട്. അപ്പോളോ ആശുപത്രിയുടെ മുകള്‍ നിലയില്‍ കഴിഞ്ഞിരുന്ന മുറിക്ക് സമീപം ഇത്തരം മരങ്ങളൊന്നുമില്ലെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.

ആശുപത്രിവാസത്തിന്‍റേതെന്ന് തോന്നിപ്പിക്കത്തക്ക രീതിയിലുള്ള ബെഡുകളും ഉപകരണങ്ങളുമൊക്കെയാണ് ദൃശ്യത്തിലുള്ളത്. എന്നാല്‍ ഏറെ സുരക്ഷാഭീഷണിയുള്ള ഒരു മുഖ്യമന്ത്രിയെ അപ്പോളോ ആശുപത്രിയിലെ ജനലരികിലുള്ള ബെഡില്‍ കിടത്തുമോ എന്ന കാര്യം സംശയമുണര്‍ത്തുന്നതാണ്. മാത്രമല്ല, ദൈവങ്ങളുടെ ചിത്രങ്ങളൊക്കെ ബെഡിനോട് ചേര്‍ന്ന് കാണുന്നു എന്നതും സംശയങ്ങള്‍ക്ക് കാരണമാകുന്നു.

അപ്പോളോ ആശുപത്രിയിലെ അത്യാധുനിക ചികിത്സാസൌകര്യങ്ങള്‍ വെളിപ്പെടുന്ന വീഡിയോയല്ല ഇതെന്നതും സംശയങ്ങള്‍ ജനിപ്പിക്കുന്ന കാര്യമാണ്. വീഡിയോയില്‍ തീയതിയോ സമയമോ കാണുന്നില്ല എന്നതും ഇതൊരു സി സി ടി വി ദൃശ്യമല്ല എന്ന് വ്യക്തമാക്കുന്നു. ആരോ മൊബൈലിലോ ക്യാമറയിലോ പകര്‍ത്തിയ ദൃശ്യമാണിതെന്നാണ് ബോധ്യമാകുന്നത്.

മാത്രമല്ല, ജയലളിത ആശുപത്രിയില്‍ കഴിയുന്നതിന്‍റെ ദൃശ്യങ്ങള്‍ ആണ് ഇതെന്ന് വാദത്തിന് വേണ്ടി സമ്മതിക്കാമെങ്കിലും ഇത് ഐ സി യു ദൃശ്യങ്ങളല്ലെന്നാണ് തമിഴ്നാട്ടിലെ പ്രമുഖര്‍ വിലയിരുത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :