ന്യൂഡല്‍ഹി|
VISHNU.NL|
Last Updated:
വ്യാഴം, 19 ജൂണ്‍ 2014 (10:51 IST)
അധികാരമേറ്റ് മാസങ്ങള്‍ക്കകം പുതിയ് അഗ്നി പരീക്ഷ മോഡി സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നു. മോഡിയുടെ നയതന്ത്ര ബുദ്ധിയുടെ പരീക്ഷണം കൂടിയായി വിലയിരുത്തപ്പെടുന്നതാണ് ഇറാഖിലെ തട്ടിക്കൊണ്ടുപോകപ്പെട്ട ഇന്ത്യക്കാരുടെ മോചനം.
2003 ല്‍ ഇറാക്കില്‍ അമേരിക്ക നടത്തിയ അധിനിവേശമായിരുന്നു ആദ്യ എന്‍ഡിഎ സര്‍ക്കാരായിരുന്ന വാജ്പേയി സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചെങ്കില്‍ മോഡി സര്‍ക്കാരിനു അവിടെനിന്നു തന്നെ പ്രതിസന്ധി ഉടലെടുത്തത് രാഷ്ട്രീയ വൃത്തങ്ങളില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.
മൊസൂളില്‍ ഐഎസ്ഐഎല്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയെന്നു കരുതുന്ന ഇന്ത്യന്‍ തൊഴിലാളികളുടെയും തിക്രിതില്‍ കുടുങ്ങിയ മലയാളി നഴ്സുമാരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സ്വീകരിക്കുന്ന നടപടികള്‍ ഭാവിയില്‍ ശക്തനായ ഭരണാധികാരിയെന്ന് വിലയിരുത്തുപ്പെടുന്നതിനെ സ്വാധീനിക്കുന്നതാണ്.
പിടിയിലായ ഇറാഖ് സൈനികരെ നിരത്തിനിറുത്തി വെടിവെച്ചുകൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവിടുന്ന ഭീകരര്‍
ഭീകരര്‍ ഇന്ത്യക്കാരോട് കാരുണ്യം കാണിക്കുമോയെന്ന് വിദേശകാര്യമന്ത്രാലയം ആശങ്കപ്പെടുന്നുമുണ്ട്. സ്വന്തമായി നേതാക്കളൊ കേന്ദ്രീകൃത സംവിധാനങ്ങളൊ ഇല്ലാത്ത ഇവരെ എങ്ങനെ ബന്ധപ്പെടും എന്ന അങ്കലാപ്പിലാണ് വകുപ്പ് ഇപ്പോള്‍.
ഇതിനിടെ തിക്രിത്തില്‍ ആശുപത്രിയില്‍ കുടുങ്ങിയ മലയാളി നഴ്സുമാരെ കൂടുതല്‍ സുരക്ഷിതമായ കേന്ദ്രത്തിലേക്കു മാറ്റാനാണ് ബാഗ്ദാദിലെ ഇന്ത്യന്‍ എംബസി ശ്രമിക്കുന്നത്. ഇന്ത്യന്‍ തൊഴിലാളികളുമായി ബന്ധം സ്ഥാപിക്കാനും അവരെ കണ്ടെത്താനും മുന്‍ അംബാസഡര്‍ സുരേഷ് റെഡ്ഢിയെ കേന്ദ്രം ചുമതലപ്പെടുത്തി അയച്ചിട്ടുണ്ട്.
ഇദ്ദേഹത്തിന് ഇറാഖില്‍ വിപുലമായ ബന്ധങ്ങളുള്ളതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. പക്ഷേ ഇറാക്കില്‍ ഭരണകൂടം തന്നെ ഉലഞ്ഞിരിക്കെ സഹായത്തിന് ആരെ ബന്ധപ്പെടണമെന്നത് പ്രശ്നമാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എ.കെ ധോവലിന്റെ അനുഭവപരിചയത്തെ ആശ്രയിക്കുക മാത്രമാണ് പോംവഴി.
വിദേശമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇറാഖിന്റെ വിവിധ ഭാഗങ്ങളിലായി 18,000 ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്.
ദക്ഷിണ ഇറാഖ് താരതമ്യേന ശാന്തമാണ്. കുര്‍ദ് മേഖലയില്‍ കുര്‍ദിഷ് ഭരണമുള്ളതിനാല്‍ അവിടെയും സുരക്ഷാ ഭീഷണിയില്ല. എന്നാല്‍ സുന്നികള്‍ക്കു മുന്‍തൂക്കമുള്ള ഐഎസ്ഐഎല്‍ ശക്തികേന്ദ്രങ്ങളില്‍ ഇന്ത്യക്കാര്‍ ദുരന്തഭീതിയിലാണ്.
വേണ്ടിവന്നാല്‍ എയര്‍ഫോഴ്സിന്റെ സഹായത്തോടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഭീകരരുടെ സമീപനം എത് വിധത്തിലാകും എന്നതിനെ അനുസരിച്ചായിരിക്കും ഈ നീക്കത്തിന്റെ വിജയ സാധ്യത.