ലോക ബാങ്കില്‍നിന്ന് സൗരോര്‍ജ പദ്ധതിക്കായി ഇന്ത്യ നൂറുകോടി ഡോളര്‍ വായ്പയെടുക്കുന്നു

സൗരോര്‍ജ പദ്ധതികള്‍ നടപ്പാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ലോക ബാങ്കില്‍നിന്ന് 100 കോടിയിലേറെ ഡോളര്‍ വായ്പയെടുക്കുന്നു.

newdelhi, worldbank, jim yong jim, solar, arun jaitly ന്യൂഡല്‍ഹി, ലോകബാങ്ക്, ജിം യോങ് കിം, സൗരോര്‍ജ പദ്ധതി, അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി| സജിത്ത്| Last Modified വെള്ളി, 1 ജൂലൈ 2016 (09:03 IST)
സൗരോര്‍ജ പദ്ധതികള്‍ നടപ്പാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ലോക ബാങ്കില്‍നിന്ന് 100 കോടിയിലേറെ ഡോളര്‍ വായ്പയെടുക്കുന്നു. ഡല്‍ഹിയിലത്തെിയ ലോകബാങ്ക് അധ്യക്ഷന്‍ ജിം യോങ് കിം, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ഊര്‍ജവകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് കരാര്‍ ഒപ്പുവെച്ചത്.

സഖ്യരാഷ്ട്രങ്ങളില്‍ സൗരോര്‍ജ ഉപയോഗ വ്യാപനത്തിനായാണ് കരാര്‍. സൗരോര്‍ജ പദ്ധതികള്‍ സ്ഥാപിക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ കഴിയുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കുന്നത്. 2030ഓടെ സൗരോര്‍ജ രംഗത്ത് ഒരു ലക്ഷം കോടി അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപവും കരാര്‍ ലക്ഷ്യമിടുന്നു.

സോളാര്‍ പദ്ധതി നടപ്പാക്കുന്നതിന് ഒരു രാജ്യത്തിന് ലോക ബാങ്ക് നല്‍കുന്ന ഏറ്റവും വലിയ വായ്പാതുകയാണിത്. 2015-2016 സാമ്പത്തിക വര്‍ഷം മാത്രം 480 കോടി ഡോളറാണ് ഇന്ത്യ വായ്പ വാങ്ങിയിട്ടുള്ളത്. ഇന്ത്യയില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുക, സോളാര്‍ പാര്‍ക്കുകള്‍ നിര്‍മിക്കുക, വിപണിയില്‍ സൗരോര്‍ജ ഉപകരണങ്ങള്‍ എത്തിക്കുക, സംസ്ഥാനങ്ങള്‍ തമ്മില്‍ സൗരോര്‍ജം കൈമാറുന്നതിനുള്ള സംവിധാനമുണ്ടാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബാങ്ക് സഹായം നല്‍കുന്നത്.

ലോകത്തിലുള്ള ഏറ്റവും വലിയ സോളാര്‍ യൂനിറ്റായ മധ്യപ്രദേശിലെ 750 മെഗാവാട്ട് സൗരോര്‍ജം ഉല്‍പാദിപ്പിക്കുന്ന ‘റെവ അള്‍ട്ര-മെഗാ സോളാര്‍ പവര്‍ പ്രോജക്ടിന് വേണ്ടി ലോകബാങ്ക് സഹായം നല്‍കിയിരുന്നു. പരിസ്ഥിതി സൗഹൃദ ഊര്‍ജോല്‍പാദനത്തിനുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ലോകബാങ്ക് ഇനിയും സഹായം നല്‍കുമെന്നും ജിം യോങ് കിം വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :