172 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാകിസ്‌താന്‍ മോചിപ്പിച്ചു

ഇന്ത്യ, പകിസ്ഥാന്‍, തടവുകാര്‍
ന്യൂഡല്‍ഹി| vishnu| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2015 (14:36 IST)
അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ഇന്ത്യാ പാക് സമാധാന ചര്‍ച്ചകള്‍ വീണ്ടും തുടങ്ങാനിരിക്കെ ഇന്ത്യയെ സന്തോഷിപ്പിക്കുന്നതിനായി പാകിസ്ഥാന്‍ 172 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക്‌ ഒടുവിലാണ്‌ തൊഴിലാളികളെ മോചിപ്പിച്ച കാര്യം പാകിസ്‌താന്‍ അറിയിച്ചത്‌. തടവുകാര്‍ വാഗ അതിര്‍ത്തിവഴി ട്രെയിനില്‍ ഇന്ത്യയിലേക്ക്‌ തിരിച്ചതായി പാക്‌ അധികൃതര്‍ വ്യക്‌തമാക്കി.

സമുദ്രാതിര്‍ത്തി ലംഘിച്ച കുറ്റത്തിനാണ് പാകിസ്ഥാന്‍ ഇവരെ പിടികൂടിയത്. പിടിയിലായ മത്സ്യതൊഴിലാളികളെ കറാച്ചിയിലെ രണ്ട്‌ വ്യത്യസ്‌ത ജയിലുകളിലാണ്‌ പാര്‍പ്പിച്ചിരുന്നത്‌. തുടര്‍ന്ന്‌ നരേന്ദ്ര മോഡി നവാസ്‌ ഷെരീഫുമായി ചര്‍ച്ച നടത്തിയ ശേഷമാണ്‌ തൊഴിലാളികളെ മോചിപ്പിച്ചുകൊണ്ട്‌ പാക്‌ സര്‍ക്കാര്‍ ഉത്തരവിട്ടത്‌. ഇത്തരത്തില്‍ നിരവധി തൊഴിലാളികള്‍ ഇനിയും പാക് ജയിലുകളില്‍ ഉണ്ട്. 349 ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ പാക്‌ ജയിലില്‍ ഇപ്പോഴും തടവില്‍ കഴിയുന്നതായി പാകിസ്‌താന്‍ തന്നെ മുമ്പ്‌ വെളിപ്പെടുത്തിയിരുന്നു.

മോചിപ്പിച്ച തടവുകാരെ ഇന്ത്യയിലേക്കയയ്ക്കുന്നതിന്റെ ഭാഗമായി ഇവര്‍ക്ക് വഴിച്ചിലവിനായി കുറച്ച്‌ പണവും മറ്റ്‌ സമ്മാനങ്ങളും നല്‍കിയാണ്‌ പാകിസ്ഥാന്‍ അധികൃതര്‍ യാത്രയാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന സാധ്യതകള്‍ക്ക്‌ തുടക്കമായാണ്‌ പാക്‌ നടപടിയെ വിലയിരുത്തുന്നത്‌. നേരത്തെ മോഡിയുടെ സത്യപ്രതിജ്ഞാ വേളയില്‍ ഇന്ത്യയിലെത്തിയ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അതിനു മുന്നോടിയായി ഇന്ത്യന്‍ തടവുകരെ മോചിപ്പിച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :