ബംഗളൂരു|
Joys Joy|
Last Modified തിങ്കള്‍, 16 ഫെബ്രുവരി 2015 (11:10 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ യുവരാജ് സിംഗിന് റെക്കോര്‍ഡ് വില. 16 കോടി രൂപയ്ക്കാണ് യുവരാജ് സിംഗിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞതവണ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് യുവരാജിനെ
വാങ്ങിയത് 14 കോടി രൂപയ്ക്ക് ആയിരുന്നു.
രണ്ടു കോടി രൂപയായിരുന്നു യുവരാജിന്റെ ഇത്തവണത്തെ അടിസ്ഥാനവില. ഈ രഞ്ജി സീസണില്‍ പഞ്ചാബിന് വേണ്ടി തുടര്‍ച്ചയായി നാലു സെഞ്ചുറികള്‍ നേടിയെങ്കിലും ലോകകപ്പ് ടീമിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അവസാന നിമിഷം തഴയപ്പെടുകയായിരുന്നു. എന്നാല്‍ ലോകകപ്പ് ടീമിലുള്ള ഒരു താരത്തിനും ലഭിക്കാത്ത പ്രതിഫലമാണ് യുവരാജിന് ഐ പി എല്ലില്‍ ലഭിച്ചിരിക്കുന്നത്.
യുവരാജ് ഉള്‍പ്പടെ 343 താരങ്ങള്‍ക്ക് വേണ്ടിയാണ് ബംഗളുരുവില്‍ താരലേലം പുരോഗമിക്കുന്നത്. മുരളി വിജയിയെ മൂന്നു കോടിക്ക് കിംഗ്സ് ഇലവനും കെവിന്‍ പീറ്റേഴ്സണെ രണ്ടു കോടി രൂപയ്ക്ക് സണ്‍റൈസേഴ്സും വാങ്ങി. ലങ്കന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസിനെ ഏഴര കോടി രൂപയ്ക്ക് ഡെയര്‍ഡെവിള്‍സും ദിനേഷ് കാര്‍ത്തിക്കിനെ പത്തര കോടി രൂപയ്ക്ക് ബംഗളുരു റോയല്‍ ചലഞ്ചേഴ്സും സ്വന്തമാക്കി.