പത്താന്‍‌കോട്ടിന് പിന്നില്‍ ആരാണെങ്കിലും തിരിച്ചടി നല്‍കും: പരീക്കർ

ജയ്ഷെ മുഹമ്മദ് , മനോഹർ പരീക്കർ , സർതാജ് അസീസ് , ഇന്ത്യ- പാകിസ്ഥാന്‍
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 11 ജനുവരി 2016 (15:09 IST)
പത്താന്‍‌കോട്ട് ഭീകരാക്രമണമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജയ്ഷെ മുഹമ്മദിന് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. രാജ്യത്തെ ആര് ആക്രമിച്ചാലും അവര്‍ക്ക് തിരിച്ചടി നല്‍കും. ആക്രമണത്തിന് പിന്നില്‍
വ്യക്‍തികളോ സംഘടനകളോ ആയാലും തിരിച്ചടി നല്‍കും. ആരെങ്കിലും നമ്മളെ വേദനിപ്പിച്ചെങ്കിൽ അയാളും അതേ രീതിയിലുള്ള വേദന അറിയണമെന്നും അദ്ദേഹം സൈന്യം സംഘടിപ്പിച്ച സെമിനാറില്‍ വ്യക്തമാക്കി.

എന്റെ സൈനികർ മരിക്കുമ്പോൾ എനിക്കും വേദനയുണ്ടാകാറുണ്ട്. വീരമൃത്യുവിനെ എപ്പോഴും രാജ്യം ബഹുമാനിക്കും. പക്ഷേ, ശത്രുക്കളെ നിർവീര്യമാക്കാൻ രാജ്യത്തിന് നിങ്ങളെ ആവശ്യമാണ്. രാജ്യത്തെ വേദനിപ്പിക്കുന്നവർ വലിയ വിലനൽകേണ്ടി വരുമെന്നും പരീക്കർ മുന്നറിയിപ്പ് നൽകി.

അതേസമയം, ഭീകരാക്രമണമണവുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ പാകിസ്ഥാന്‍ സംയുക്ത അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നിർദേശ പ്രകാരമാണ് നടപടി. സർതാജ് അസീസ്, നാസിൽ ജാൻജുവ, ഫെഡറൽ മന്ത്രിമാരായ ഇസഹാക്ക് ധാർ, ചൗധരി നിസാർ അലി ഖാൻ, വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി തുടങ്ങിയവരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.

ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ), രഹസ്വാന്വേഷണ വിഭാഗം (ഐഎസ്ഐ), ഭീകരവാദ വിരുദ്ധ വിഭാഗം (സിടിഡി) എന്നിവയെ സംഘടിപ്പിച്ചാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ നാലുപേരെ കസ്‌റ്റഡിയിലെടുത്തു. സിയാൽകോട്ട്, ബഹാവൽപൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. കൊല്ലപ്പെട്ട ആറു ഭീകരരുടെ ഡിഎൻഎ സാമ്പിളുകളും ഭീകരർ ഫോണിൽ സംസാരിച്ച ശബ്ദ രേഖകളും ഇന്ത്യ കൈമാറിയിട്ടുണ്ട്.

പത്താന്‍‌കോട്ട് ഭീകരാക്രമണമുണ്ടായെങ്കിലും നേരത്തെ തീരുമാനിച്ചിരുന്ന ഇന്ത്യ- പാകിസ്ഥാന്‍ ചർച്ചകൾ റദ്ദാക്കിയിട്ടില്ലെന്ന് വിദേശകാര്യ ഉപദേഷ്ടാവ് അജിത് ഡോവൽ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :