ശതകോടികളുടെ ആയുധ കച്ചവടം; പ്രതിഫലം ഗാന്ധിപ്രതിമ!

ന്യൂഡല്‍ഹി| VISHNU.N.L| Last Modified ബുധന്‍, 9 ജൂലൈ 2014 (13:40 IST)
ശതകോടികളുടെ ആയുധം വാങ്ങിയതിന്റെ നന്ദി സൂചകമായുഇ ബ്രിട്ടണ്‍ അവരുടെ പാര്‍ലമെന്റ് വളപ്പില്‍ സമാധാനത്തിന്റെ ദൂതനായ ഗാന്ധിയുടെ പടുകൂറ്റന്‍ പ്രതിമസ്ഥാപിക്കും! സ്ഥാപിക്കുന്നതാകട്ടെ ബ്രിട്ടന്റെ യുദ്ധവീരനായ ചര്‍ച്ചിലിന്റെ പ്രതിമയ്ക്ക് സമീപവും.

വിദേശരാജ്യങ്ങളെ ആകര്‍ഷിക്കാന്‍ കാലങ്ങളായി ബ്രിട്ടണ്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പൊടിക്കൈകളുടെ അവസാനത്തെ ഇര മഹാത്മ ഗാന്ധിയായത് വിധിയുടെ മറ്റൊരു തമാശയായിരിക്കാം. നരേന്ദ്രമോഡി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് മന്ത്രിമാര്‍ ഇന്ത്യയോട് ആദരവുണ്ടെന്ന് ഇന്ത്യയെ ബോധ്യപ്പെടുത്തുന്നതിനാണ് ഗാന്ധിപ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

കൂട്ടത്തില്‍ ശതകോടികളുടെ ആയുധക്കച്ചവടത്തിന്റെ കരാറില്‍ ഇന്ത്യയെ ഒപ്പിടീക്കാനും ബ്രിട്ടീഷുകാര്‍ക്ക് സാധിച്ചു. കൂടാതെ ആണവോര്‍ജ രംഗത്തെ സഹകരണത്തിന് സുപ്രധാന കരാര്‍ ഒപ്പിടാനായി ഇന്ത്യയും ബ്രിട്ടനും ചര്‍ച്ചകള്‍ തുടങ്ങും, ഒരുവെടിക്ക് രണ്ടു പക്ഷി!

ഫ്രാന്‍സിന്റെ റാഫേല്‍ യുദ്ധവിമാനം വാങ്ങാന്‍ തയ്യാറെടുത്തിരുന്ന ഇന്ത്യയേക്കൊണ്ട് ബ്രിട്ടണിന്റെ ടൈഫൂണ്‍ വിമാനങ്ങള്‍ വാങ്ങിക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു എന്നാണ് സൂചനകള്‍. 250 മില്യന്‍ പൗണ്ടിന്റെ ആയുധ വ്യാപരത്തിനുള്ള ഇടപാടാണ് മോഡി സര്‍ക്കാരുമായി ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണും വിദേശകാര്യ മന്ത്രി വില്യം ഹേഗും ഉറപ്പിച്ചത്.

മാത്രമല്ല, ഗാന്ധിജിയെ സോഷ്യല്‍ മീഡിയകളിലൂടെ വാനോളം പുകഴ്ത്തുകയാണ് ഓസ്‌ബോണ്‍. അടുത്ത വര്‍ഷം പ്രതിമ സ്ഥാപിക്കും. ചാരിറ്റി ഡോണേഷനിലൂടെയും സ്‌പോന്‍സര്‍ഷിപ്പിലൂടെയും ആയിരിക്കും ഗാന്ധിജിയുടെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കുക. വിന്‍സറ്റണ്‍ ചര്‍ച്ചില്‍ ,നെല്‍സണ്‍ മണ്ടേല, എബ്രഹാംലിങ്കണ്‍ എന്നിവരുടെ പ്രതിമകളാണ് ഇപ്പോള്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ ഉള്ളത്. പ്രശസ്ത ശില്പി ഫിലിപ് ജാക്‌സണ്‍ ആയിരിക്കും പണികഴിപ്പിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :