ന്യൂഡല്‍ഹി|
priyanka|
Last Modified ചൊവ്വ, 26 ജൂലൈ 2016 (07:29 IST)
പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ മക്കളെ പാക് സ്‌കൂളുകളില്‍ പഠിപ്പിക്കേണ്ടെന്ന് നിര്‍ദ്ദേശം. സുരക്ഷ കണക്കിലെടുത്ത് കുട്ടികളെ ഇന്ത്യയിലെത്തിക്കുകയോ മറ്റെന്തെങ്കിലും വിധത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കുകയോ ചെയ്യണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാക് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ഇത് പിന്നീട് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് സ്ഥിരീകരിക്കുകയും ചെയ്തു.
കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബര്‍ഹാന്‍ വാനിയുടെ കൊലപാതവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉടലെടുത്ത അസ്വാരസ്യങ്ങളാണ് നയതന്ത്ര ഉദ്യോഗസ്ഥരുടെ മക്കളെ അവിടുത്തെ സ്‌കൂളുകളില്‍ അയക്കേണ്ട എന്ന തീരുമാനത്തിന് പിന്നില്‍. അന്‍പതിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇസ്‌ലാമാബാദിലെ അമേരിക്കന്‍ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
തീരുമാനം നടപ്പിലായാല്‍ ഇവരെല്ലാം ഇന്ത്യയിലേക്ക് മടങ്ങുകയോ മറ്റേതെങ്കിലും സംവിധാനത്തിലൂടെ പഠിക്കുകയോ ചെയ്യേണ്ടതായി വരും. ബര്‍ഹാന്‍ വാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കശ്മീരില്‍ സംഘര്‍ഷങ്ങള്‍ നടന്ന സാഹചര്യത്തില്‍ പാകിസ്ഥാനിലും പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഇത് കണക്കിലെടുത്ത് നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു.