ബീജിങ്|
JOYS JOY|
Last Modified തിങ്കള്‍, 25 ജൂലൈ 2016 (12:19 IST)
ചൈനയുടെ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയാല്‍
ഇന്ത്യ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈനീസ് പത്രം. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉടമസ്ഥതയിലുള്ള പീപ്പിൾസ് ഡെയ്ലി പ്രസിദ്ധീകരിക്കുന്ന പത്രമായ ഗ്ലോബൽ ടൈംസാണ് ഇന്ത്യയുടെ നടപടിക്കെതിരെ മുഖപ്രസംഗം എഴുതിയത്.
ചൈനയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ‘സിന്‍ഹുവ’യ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെ പുറത്താക്കുകയാണെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഇന്ത്യ നേരിടേണ്ടി വരുമെന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്.
ഇന്ത്യയുടെ ആണവ വിതരണ ഗ്രൂപ്പ് (എന്‍ എസ് ജി) അംഗത്വത്തെ ചൈന എതിര്‍ത്തതിലുള്ള പ്രതികാരമാണ് ഈ നടപടി. അങ്ങനെയെങ്കിൽ ഇതിനു തക്കതായ അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും മുഖപ്രസംഗം മുന്നറിയിപ്പു നൽകുന്നുണ്ട്. മൂന്നു ചൈനീസ് മാധ്യമപ്രവര്‍ത്തകരുടെ വിസ പുതുക്കി നല്‌കാന്‍ ഇന്ത്യ തയ്യാറാകാത്ത സാഹചര്യത്തില്‍ ആയിരുന്നു ചൈനീസ് പത്രത്തിന്റെ ഈ പ്രതികരണം.
അതേസമയം, വിസ പുതുക്കി നൽകാത്തതിന്റെ
കാരണം ഇന്ത്യ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. വ്യാജപേര് ഉപയോഗിച്ച് മാധ്യമപ്രവർത്തകർ വിവരങ്ങൾ അറിയാൻ ശ്രമിച്ചുവെന്നും തിബറ്റൻ നേതാക്കളുമായി ഇവർ ചർച്ച നടത്തിയെന്നും ഇന്ത്യൻ മാധ്യമങ്ങൾ ആരോപിക്കുന്നു.
സിൻഹുവ ന്യൂസ് ഏജൻസിയുടെ ഡൽഹി ബ്യൂറോ ചീഫ് വു ക്വിയാങ്, മുംബൈയിൽ ജോലി ചെയ്യുന്ന ലൂ താങ്, ഷി യോങ്ങാങ് എന്നിവരോട് ജൂലൈ 31നകം രാജ്യം വിടാനാണ് ഇന്ത്യ നിർദേശിച്ചിരിക്കുന്നത്.