നോട്ട് അസാധുവാക്കിയശേഷം നടന്നത് നാലുലക്ഷം കോടിയുടെ കള്ളപ്പണ നിക്ഷേപം; അന്വേഷണവുമായി ആദായ നികുതി വകുപ്പ്

സഹകരണ ബാങ്കിലെ 16,000 കോടിയിലും അന്വേഷണം

ന്യൂഡൽഹി| സജിത്ത്| Last Modified ചൊവ്വ, 10 ജനുവരി 2017 (14:19 IST)
നോട്ട് നിരോധനത്തിനു പിന്നാലെ 2016 നവംബർ ഒൻപത് മുതൽ ഇതുവരെ വിവിധ ബാങ്കുകളിലായി വൻതോതിൽ കള്ളപ്പണ നിക്ഷേപം നടന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. പ്രാഥമിക കണക്കുകള്‍ അനുസരിച്ച് മൂന്ന് ലക്ഷം കോടിക്കും നാല് ലക്ഷം കോടിക്കും ഇടയിലുള്ള തുകയുടെ കള്ളപ്പണമാണ് ബാങ്കുകളുലെത്തിയിട്ടുള്ളതെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

കൃത്യമായ രേഖകളില്ലാത്ത തരത്തിലുള്ള നിക്ഷേപങ്ങളിൽ 16,000 കോടി രൂപയുടെ നിക്ഷേപങ്ങളും വിവിധ സഹകരണ ബാങ്കുകളിലാണെന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ ബാങ്കുകളിലായി മാത്രം 10,700 കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടതെന്നു ആദായനികുതി വകുപ്പ് അറിയിച്ചു. കൂടാതെ നോട്ട് നിരോധനത്തിനു മുൻപ് നിഷ്ക്രിയമായിരുന്ന അക്കൗണ്ടുകളിൽ മാത്രം ഇതുവരെ നിക്ഷേപിക്കപ്പെട്ടത് 25,000 കോടി രൂപയാണെന്നും അവര്‍ വ്യക്തമാക്കി.

നോട്ട് അസാധുവാക്കൽ നടപടിക്കു പിന്നാലെ വായ്പ തിരിച്ചടിവായി മാത്രം 80,000 കോടി രൂപയുടെ കറൻസികളാണ് ബാങ്കുകളിലെത്തിയതെന്നും രാജ്യത്തെ 60 ലക്ഷത്തിലധികം ബാങ്ക് അക്കൗണ്ടുകളിൽ നോട്ട് നിരോധനത്തിനു ശേഷം രണ്ടു ലക്ഷത്തിന് മുകളിലുള്ള തുകകൾ നിക്ഷേപമായെത്തിയതായും ആദായനികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :