50 ദിവസത്തിന് ഇനി മണിക്കൂറുകൾ മാത്രം; ഇനിയെന്ത്?

ഇന്ന് 50ആം നാൾ; ഇനിയെന്ത്?

aparna shaji| Last Updated: വെള്ളി, 30 ഡിസം‌ബര്‍ 2016 (12:39 IST)
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സാധാരണക്കാർക്കുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ച 50 ദിവസം തികയാൻ ഇനി മണിക്കൂറുകൾ മാത്രം. നവംബര്‍ എട്ടിനാണ് 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയത്. ''പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങൾ എനിക്ക് 50 ദിവസം അനുവദിച്ച് തരൂ'' എന്ന് മോദി പറഞ്ഞത് നവംബർ 13നാണ്.

പിന്‍വലിച്ച നോട്ടുകള്‍ക്ക് ആനുപാതികമായി നോട്ടുകള്‍ അച്ചടിച്ച് തീർന്നിട്ടില്ല എന്നത് ഇനിയുള്ള ആകുലതയുടെ പ്രധാന കാരണമാകുമെന്ന് ഉറപ്പ്. നോട്ടുക്ഷാമമുണ്ടാക്കിയ പ്രതിസന്ധിയിൽ നിന്നും രാജ്യം ഇതുവരെ കരകയറിയിട്ടില്ല. ജനങ്ങളുടെ ബുദ്ധിമുട്ട് ഇപ്പോഴും തുടരുകയാണ്. ആവശ്യങ്ങൾ പലരും താൽക്കാലികത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. എന്നാൽ, വേണ്ടത്ര നോട്ടുകൾ അച്ചടിക്കാത്ത സാഹചര്യത്തിൽ എത്രനാൾ ഇനിയും അഡ്ജസ്റ്റ് ചെയ്യണം എന്നത് വ്യക്തമല്ല.

അതേസമയം, ആവശ്യത്തിന് നോട്ടുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലും വ്യാഴാഴ്ചയും ആവര്‍ത്തിച്ചു. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് എവിടെയും സംഘർഷമുണ്ടായതായി റിപ്പോർട്ട് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുവര്‍ഷത്തിനുമുമ്പ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും. നോട്ട് പിന്‍വലിക്കലിനുശേഷമുള്ള സര്‍ക്കാര്‍ നടപടികളെക്കുറിച്ച് ഈ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കുമെന്നാണ് സൂചന.

പ്രതിസന്ധി അവസാനിക്കുകയല്ല മറിച്ച്, കൂടുതല്‍ രൂക്ഷമാവുമെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ചില്ലറ വ്യാപാരമേഖലയിലടക്കം കച്ചവടം സ്തംഭിച്ച ഈ രണ്ടു മാസക്കാലയളവില്‍ വില്‍പന നികുതിയിനത്തിലെ വരുമാനത്തില്‍ വന്‍ കുറവാണുണ്ടായത്. പ്രതിസന്ധി രൂക്ഷമായ ഡിസംബറില്‍ സംസ്ഥാനം ആവശ്യപ്പെട്ടതിന്റെ 60 ശതമാനം പോലും കറന്‍സി ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്കിന് കഴിഞ്ഞിട്ടുമില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :