'കോട്ട'യിൽ കുഞ്ഞുങ്ങൾ മരിച്ചത് തണുത്ത് വിറങ്ങലിച്ച്, പ്രാഥമിക സജ്ജീകരണങ്ങൾ പോലും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല, റിപ്പോർട്ട് പുറത്ത്

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 4 ജനുവരി 2020 (20:29 IST)
ജയ്‌പൂർ: കോട്ട ആശുപത്രിയിൽ കുഞ്ഞുങ്ങൾ മരിച്ചതിന് കാരണം ആശുപത്രിയിലെ സംവിധാനങ്ങളുടെ അപര്യാപ്ത എന്ന് റിപ്പോർട്ട്. ശരീര ഊശ്മാവ് കുറഞ്ഞതാണ് 107 കുരുന്നുകളുടെ ജീവൻ നഷ്ടമാകാൻ കാരണം എന്നും. നവജാത ശിശുക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രാഥമിക സജ്ജീകരണങ്ങൾ പോലും ജെ ജെ ലോൺ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

കുട്ടികളുടെ ശരീര ഊശ്മാവ് 35 ഡിഗ്രി സെൽഷ്യസിന് താഴെ പോയിരുന്നു. സാധാരണഗതിയിൽ ഇത് 37 ഡിഗ്രി സെൽഷ്യസായി ക്രമപ്പെടുത്തേണ്ടതാണ്. ഹൈപ്പോതെർമിയ എന്ന ശരീര താപനില കുറയുന്ന അവസ്ഥയാണ് മരണ നിരക്ക് വർധിക്കാൻ കാരണം. കുട്ടികളുടെ ശരീര താപനില 37 ഡിഗ്രി സെൽഷ്യസിലെത്തിക്കാനുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല.

ആശുപത്രിയിലെ 28 നെബുലൈസറുകളിൽ 22 എണ്ണവും പ്രവർത്തനരഹിതമായിരുന്നു. ജീവൻ നിലനിർത്താനുള്ള ഇൻഫ്യൂഷൻ പമ്പുകൾ 111 എണ്ണം ആശുപത്രിയിൽ ഉണ്ടായിരുന്നു. എന്നാൽ ഇതിൽ 81 എണ്ണവും പ്രവർത്തന രഹിതമായിരുന്നു. വേണ്ടത്ര പൾസ്, ഓക്സിജൻ മീറ്ററുകൾ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. ഓക്സിജൻ പൈപ്പുകൾ കുറവായതിനാൽ സിലിണ്ടറിൽനിന്നും നേരിട്ടാണ് കുട്ടികൾക്ക് ഓക്സിജൻ നൽകിയിരുന്നത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് മരണ നിരക്ക് ഉയരാൻ കാരണം എന്നും രാജസ്ഥാൻ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :