അഭിറാം മനോഹർ|
Last Modified തിങ്കള്‍, 4 മാര്‍ച്ച് 2024 (20:52 IST)
മനുഷ്യരില്‍ മാത്രമല്ല നായ്ക്കളിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കണ്ടുവരുന്നതായി പഠനറിപ്പോര്‍ട്ട്. ആറിനും 8 വയസിനും ഇടയിലുള്ള നായ്ക്കളിലാണ് രക്തസമ്മര്‍ദ്ദം കൂടുതലായി കണ്ടുവരുന്നതെന്ന് പഠനം പറയുന്നു. ഹൈദരാബാദിലെ പി വി നരസിംഹറാവു തെലങ്കാന വെറ്റിനറി സര്‍വകലാശാലയിലെ വെറ്റിനറി സയന്‍സ് കോളേജാണ് പട്ടികളില്‍ പഠനം നടത്തിയത്.
6556 നായ്ക്കളെ പഠനവിധേയമാക്കിയതില്‍ 87 എണ്ണത്തിന്(1.27%) ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും 90.8 % നായ്ക്കള്‍ക്ക് സെക്കന്ററി ഹൈപ്പര്‍ ടെന്‍ഷനും ഉള്ളതായി കണ്ടെത്തി. മറ്റ് രോഗാവസ്ഥകള്‍ കാരണമാണ് സെക്കന്ററി ഹൈപ്പര്‍ ടെന്‍ഷന്‍ സംഭവിക്കുന്നത്. ശേഷിക്കുന്ന നായ്ക്കളില്‍ തലയോട്ടിയില്‍ രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്ന ഇഡിയോപതിക് ഹൈപ്പര്‍ ടെന്‍ഷനുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
6 മുതല്‍ 8 വയസ്സുള്ള പട്ടികളിലാണ് രക്തസമ്മര്‍ദ്ദം കൂടുതലായി കാണുന്നത്. തുടര്‍ന്ന് 12 വയസും അതിന് മുകളിലുമുള്ള നായ്ക്കളിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കണ്ടുവരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള 56 ശതമാനവും ആണ്‍ ഇനങ്ങളാണ്.