ഭര്‍ത്താവിനെ ഭാര്യ പീഡിപ്പിച്ചാല്‍ ശിക്ഷിക്കാന്‍ നിയമമില്ലാത്തത് ദൗര്‍ഭാഗ്യകരമെന്ന് കോടതി

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 2 ജൂണ്‍ 2021 (14:03 IST)

ഭര്‍ത്താവിന് നേരെയുള്ള ഗാര്‍ഹികപീഡനത്തിന് ഭാര്യയെ ശിക്ഷിക്കാന്‍ നിയമമില്ലാത്തത് ദൗര്‍ഭാഗ്യകരമെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹം ചെയ്യാതെ സ്ത്രീയും പുരുഷനും ഒന്നിച്ച് ജീവിക്കുന്നതുപോലുള്ള (ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്) കാര്യങ്ങള്‍ക്ക് അംഗീകാരം നല്‍കിയതോടെ വിവാഹത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടുവെന്നും ജസ്റ്റിസ് എസ്.വൈദ്യനാഥന്‍ നിരീക്ഷിച്ചു. ഭാര്യ സമര്‍പ്പിച്ച ഗാര്‍ഹിക പീഡന പരാതിയെത്തുടര്‍ന്ന് ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മൃഗഡോക്ടര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു പരാമര്‍ശം.

സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചു. 15 ദിവസത്തിനുള്ളില്‍ ജോലിയില്‍ തിരിച്ചെടുക്കാന്‍ മൃഗസംരക്ഷണ വകുപ്പിനോട് ഉത്തരവിട്ടു. നിസാര കാര്യങ്ങള്‍ക്ക് ലംഘിക്കാവുന്ന കരാറല്ല വിവാഹമെന്നും പുതിയ തലമുറ വിവാഹത്തിന്റെ വിശുദ്ധി മനസിലാക്കണമെന്നും കോടതി പറഞ്ഞു.

ഭാര്യ ഒറ്റപ്പെടുത്തുന്നുവെന്ന് ആരോപിച്ച് 2015-ല്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് മൃഗഡോക്ടര്‍ക്ക് കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ കുടുംബക്കോടതി വിവാഹമോചനം അനുവദിച്ചിരുന്നു. എന്നാല്‍, വിവാഹമോചന ഉത്തരവിന് നാലുദിവസം മുമ്പ് ഭാര്യ ഡോക്ടര്‍ക്കെതിരേ ഗാര്‍ഹിക പീഡനത്തിന് പൊലീസില്‍ പരാതി നല്‍കി. ഈ കേസിന്റെ പേരിലാണ് ഡോക്ടറെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :