ഹുദ്‌ഹുദ് കലിയടക്കി; തകര്‍ന്നടിഞ്ഞ് ആന്ധ്ര തീരം

ഹുദ്‌ഹുദ്, വിശാഖപട്ടണം, ചുഴലിക്കാറ്റ്
വിശാഖപട്ടണം| VISHNU.NL| Last Modified ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (09:58 IST)
ചുഴലിക്കാറ്റുകളുടെ വിളഭൂമിയാണ് ആന്ധ്ര തീരം. എന്നാല്‍ വിശാഖപട്ടണം നഗരത്തെ ഇതുവരെയും കാറ്റ് ഇങ്ങനെ ഉലച്ചിട്ടില്ല. പൂര്‍വഘട്ട മലനിരകളുടെ സാന്നിധ്യമാണ് ഇതിനു കാരണം. മലയും കടലും സംഗമിക്കുന്ന
വിശാലതീരമാണ് വിശാഖപട്ടണം. എന്നാല്‍ ഈ പതിവുകള്‍ പാടേ തെറ്റിച്ചുകൊണ്ടാണ് സംഹാരതാണ്ഡവമാടിയ ഹുദ്ഹുദ് ചുഴലിക്കാറ്റ് എത്തിയത്.

ഇക്കുറി
പതിവു തെറ്റിച്ച് ചുഴലിക്കൊടുങ്കാറ്റിന്റെ കേന്ദ്രബിന്ദു (കണ്ണ്) വിശാഖപട്ടണത്തിനു മേല്‍ പതിച്ചു. 500 കിലോമീറ്റര്‍ വൃത്തപരിധിയുള്ള ചുഴലിക്കാറ്റിന്റെ ഏറ്റവും കരുത്തേറിയ ഉള്‍ഭാഗമാണ് കണ്ണ് (ഐ).
40- 50
കിലോമീറ്ററാണ് ഇതിന്റെ വൃത്തപരിധി. ഏറ്റവും ശക്തിയേറിയ കാറ്റും മഴയും ഉള്‍ക്കൊള്ളുന്ന ഭാഗമാണ് ഇത്.
കണ്ണ് കരയിലേക്കു കയറുന്ന ഭാഗത്തായിരിക്കും ഏറ്റവും നാശനഷ്ടം.

ചുഴലിക്കാറ്റുണ്ടാക്കിയ അപകടങ്ങളില്‍ ആന്ധ്രയില്‍ 21പേര്‍ മരിച്ചതായാണ് വിവരം. വിശാഖപട്ടണം, ശ്രീകാകുളം,വിജയനഗരം ജില്ലകളിലും ഒഡിഷയുടെ ചില ഭാഗങ്ങളിലും വ്യാപകനാശങ്ങളുണ്ടായി. അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ന്നനിലയിലാണ്. പലര്‍ക്കും കിടപ്പാടം നഷ്ടമായി. പോസ്റ്റുകള്‍ പലതും നിലംപൊത്തിയതിനാല്‍ ചുഴലിയടിച്ച ഒട്ടുമിക്ക പ്രദേശങ്ങളും ഇരുട്ടിലായി. ആന്ധ്രയില്‍ 320 ഗ്രാമങ്ങളിലായി 2.48 ലക്ഷം പേരെ കാറ്റ് ബാധിച്ചു.

എന്നാല്‍ ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിലെ കൃത്യത കണ്ട് ഞടുങ്ങിപ്പോയത് ലോകത്തിലേറ്റവും കൃത്യമായി ചുഴലിക്കാറ്റികളേ നിരീക്ഷിക്കുന്ന അമേരിക്കയായിരുന്നു.
കാറ്റിന്റെ കണ്ണു കയറുന്ന സ്ഥലത്ത് ചുഴലിക്കാറ്റ് അരമണിക്കൂറോളം ശാന്തമാകുന്ന പതിവുണ്ട്. ഞായറാഴ്ച ചുഴലിക്കാറ്റിനെ മുഖാമുഖം നേരിടേണ്ടി വന്നപ്പോള്‍ 2006ല്‍ സ്ഥാപിച്ച റഡാര്‍ കേന്ദ്രം അടച്ചിടേണ്ട സഹചര്യമുണ്ടായി. പിന്നീട് ഉപഗ്രഹചിത്രങ്ങളുടെയും നിലത്തുനിന്നുള്ള നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു പ്രവചനം.

എന്നിട്ടുപോലും കൃത്യമായി പ്രവചിക്കാന്‍ ഇന്ത്യക്കായി എന്നതാണ് നിര്‍ണ്ണായകമായത്. ആന്ധ്രയിലുണ്ടായ നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍െറ നേതൃത്വത്തില്‍ തീവ്രശ്രമങ്ങള്‍ ആരംഭിച്ചു. ചന്ദ്രബാബു നായിഡു ചൊവ്വാഴ്ച വിശാഖപട്ടണം സന്ദര്‍ശിക്കും. ഹുദ്ഹുദ് ശാന്തമായെങ്കിലും ഇത് കടുത്ത ന്യൂനമര്‍ദത്തിന് വഴിയൊരുക്കിയതായി കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു.പലയിടത്തും കനത്ത മഴയുണ്ടാകും. വിശാഖപട്ടണത്തും മറ്റ് സമീപ തീരദേശങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശനം നടത്തിയേക്കും.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :