ബംഗളൂരു|
jibin|
Last Modified തിങ്കള്‍, 5 ജൂണ്‍ 2017 (20:16 IST)
ദളിത് യുവാവിനെ വിവാഹം ചെയ്ത ഗർഭിണിയായ യുവതിയെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് തീവച്ചുകൊന്നു. കർണാടകയിലെ വിജയപുര ജില്ലയിലെ മുദേബിഹാൽ താലൂക്കിലെ ഗുണ്ടകനാലി എന്ന സ്ഥലത്താണ് നാടിനെ നടുക്കിയദുരഭിമാനക്കൊല നടന്നത്.
21കാരിയായ ബാനു ബീഗത്തിനെയാണ് ക്രൂര മര്‍ദ്ദത്തിന് ശേഷം സ്വന്തം അമ്മയും ബന്ധുക്കളും ചേര്‍ന്ന് തീവച്ചു കൊന്നത്.
ശനിയാഴ്ചയായിരുന്നു സംഭവം. വാൽമികി സമുദായത്തിൽപെട്ട സയാബന്ന ശരണപ്പയെന്ന യുവാവിനെയാണ് ഉയര്‍ന്ന ജാതിക്കാരിയായ ബാനു വിവാഹം ചെയ്തത്.
വിവാഹം കഴിഞ്ഞതോടെ ബന്ധുക്കളുടെ ഭാഗത്തു നിന്നും ആക്രമണം ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ ബാനു ഭര്‍ത്താവിനൊപ്പം ഗോവയിലേക്ക് കടന്നു. തുടര്‍ന്ന് ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇവര്‍ ഗ്രാമത്തിലേക്ക് തിരികെ മടങ്ങിയെത്തിയത്.
ബാനുവും ഭര്‍ത്താവും തിരികെ എത്തിയെന്നറിഞ്ഞ യുവതിയുടെ ബന്ധുക്കള്‍ ഇവരുടെ താമസ്ഥലത്ത് എത്തുകയും ഇരുവരെയും മർദിച്ച് അവശരാക്കുകയും ചെയ്തു. ബാനുവിന്റെ അമ്മയുടെ നേതൃത്വത്തിലായിരുന്നു മണിക്കൂറുകള്‍ നീണ്ട ആക്രമണങ്ങള്‍ അരങ്ങേറിയത്.
ഇരുവരെയും മർദിച്ച് അവശരാക്കിയ ശേഷം ബന്ധുക്കള്‍ തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ബാനു സംഭവസ്ഥലത്തു തന്നെ മരിച്ചു. ശരപ്പയ്ക്ക് ഗുരുതരപൊള്ളലേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തില്‍ ബാനുവിന്റെ മാതാവിനെയടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, യുവാവിന്റെ വീട്ടുകാരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.