ന്യൂഡൽഹി|
സജിത്ത്|
Last Modified ചൊവ്വ, 3 ഒക്ടോബര്‍ 2017 (19:25 IST)
പീഡനക്കേസില്‍ അറസ്റ്റിലായ ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ വളർത്തു മകൾ ഹണിപ്രീതിനെ അറസ്റ്റ് ചെയ്തു. ചണ്ഡിഗഡിലെ ഹൈവേയിൽനിന്നാണ് ഹണിപ്രീതിനെ അറസ്റ്റ് ചെയ്തത്. പൊലീസ് പിടിയിലാകുന്ന സമയത്ത് അവരോടൊപ്പം മറ്റൊരു സ്ത്രീയുമുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇരുവരേയും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
ഗുർമീത് റാം റഹീം അറസ്റ്റിലായതിനു പിന്നാലെ ഒളിവിലായിരുന്ന ഹണിപ്രീത്, ഇന്ത്യാ ടുഡേക്ക് നൽകിയ ഒരു അഭിമുഖം സംപ്രേക്ഷണം ചെയ്ത് മണിക്കൂറുകൾക്കകമായിരുന്നു അവരെ പൊലീസ് അറസ്റ്റ് ചെയ്തത്. തനിക്കും ഗുർമീതിനുമെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ചായിരുന്നു ഗുർമിത് ഇന്ത്യാ ടുഡേയിൽ ലൈവായി പ്രത്യക്ഷപ്പെട്ടത്.
ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധം മാത്രമാണ് താനും ഗുർമീതുമായുള്ളതെന്ന് ഹണിപ്രീത് അഭിമുഖത്തിൽ വ്യക്തമാക്കി. മറിച്ചുള്ള വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണ്. സിർസയിലെ ആശ്രമത്തിൽ ആരും മാനഭംഗത്തിനിരയായിട്ടില്ലെന്നും ആരോപണങ്ങളെല്ലാം കള്ളമാണെന്നും അവർ പറഞ്ഞു. ഗുർമീതിന്റെ അറസ്റ്റിനു ശേഷം ഒളിവിലായിരുന്ന ഹണിപ്രീതിനെ, ഹരിയാന സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.