അഭിറാം മനോഹർ|
Last Modified വ്യാഴം, 1 ഒക്‌ടോബര്‍ 2020 (17:05 IST)
ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഇരുപതുകാരിയുടെ ഫോറൻസിക് പരിശോധന റിപ്പോർട്ട് പുറത്ത്. യുവതി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് വ്യക്തമാക്കുന്ന പരിശോധന ഫലമാണ് ഉത്തർപ്രദേശ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. കൂട്ടബലാത്സംഗത്തില്‍ പോലീസ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുന്നതായി ആരോപണമുയരുകയും പോലീസിനിതിരെ രാജ്യമെങ്ങും പ്രതിഷേധം കനക്കുകയും ചെയ്യുന്നതിനിടെയാണ് പോലീസിന്റെ പുതിയ നീക്കം.
മൃതദേഹത്തില്‍ പുരുഷ ബീജത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് ഉത്തര്‍പ്രദേശ് പോലീസ് വ്യക്തമാക്കി. പൂര്‍ണമായും തെറ്റായ വിവരങ്ങളുടെ പേരില്‍ ജാതീയമായ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും തെറ്റായി വിവരങ്ങൾ പ്രചരിപ്പിച്ച് ജാതി സംഘർഷങ്ങൾ നടത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തര്‍പ്രദേശ് പോലീസ് എഡിജി പ്രശാന്ത് കുമാര്‍ പറഞ്ഞു.
ഈ മാസം പതിനാലിനാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. അമ്മയ്ക്കൊപ്പം പുല്ലരിയാന്‍ വയലില്‍ പോയപ്പോള്‍ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് യുവതിയുടെ നാവില്‍ ഗുരുതരമായ മുറിവുണ്ടാവുകയും ഇരുകാലും പൂര്‍ണമായും തളരുകയും ചെയ്തു അലിഗഡ് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്ന യുവതിയെ തിങ്കളാഴ്ച സഫ്ദര്‍ജങ്ങിലേക്കു മാറ്റി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിച്ചു. തുടർന്ന് യുവതിയുടെ മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ 2.45 ഓടെ പോലീസ് ബലമായി സംസ്‌കരിക്കുകയായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്.