ന്യൂഡല്‍ഹി|
vishnu|
Last Modified തിങ്കള്‍, 5 ജനുവരി 2015 (15:19 IST)
മുംബൈ ആക്രമണത്തിന്റെ സൂത്രധാരനും ഇന്ത്യ തേടുന്ന പിടികിട്ടാപ്പുള്ളിയുമായ ഹാഫിസ് സെയ്ദ് പാക് അധീന കശ്മീരിലെ ഇന്ത്യാ പാക് നിയന്ത്രണ രേഖയ്ക്കടുത്തുണ്ടെന്ന് അതിര്‍ത്തി രക്ഷാസേന( ബിഎസ്‌എഫ്) റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് വെടിയുതിര്‍ത്ത ശനിയാഴ്ച സാംബ സെക്ടറില്‍ ഹാഫിസ് സെയ്ദുണ്ടായിരുന്നു എന്നാണ് ബിഎസ്‌എഫ് റിപ്പൊര്‍ട്ട് ചെയ്തിരിക്കുന്നത്.
പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുന്നതിനു മുമ്പേ സാംബ സെക്ടറിലെ ഇന്ത്യന്‍ അതിര്‍ത്തി ഔട്ട്‌പോസ്റ്റില്‍ നിന്ന് 500 മീറ്റര്‍ മാത്രം അകലെയുള്ള പാക് ഔട്ട്‌പോസ്റ്റായ സുക്മാലില്‍ വാഹനത്തില്‍ ഇയാള്‍ എത്തിയതായാണ് ബിഎസ്‌എഫ് കേന്ദ്രങ്ങള്‍ പറയുന്നത്. ഇയാള്‍ വന്നതിനു പിന്നാലെ പ്രദേശത്തുനിന്ന് ഹാഫീസ് സെയ്ദ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുന്നത് ബിഎസ്‌എഫ് ജവാന്മാര്‍ കേട്ടിരുന്നു. അതാണ് ഹാഫീസ് സെയ്ദ് ആസമയത്ത് അവിടെ ഉണ്ട് എന്ന് സംശയിക്കാന്‍ കാരണം.
ഹാഫിസോ അല്ലെങ്കില്‍ മുതിര്‍ന്ന ലഷ്കര്‍ ഇ തോയ്ബ കമാന്‍ഡറോ അവിടെയുണ്ടായിരുന്നു എന്ന് ഉറപ്പാണെന്നാണ് ബിഎസ്‌എഫ് വൃത്തങ്ങള്‍ പറയുന്നത്. ഇതിനു ശേഷമാണ് പാക്കിസ്ഥാന്‍ അതിര്‍ത്തി സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തിലും വെടിവയ്പിലും രണ്ടു ഇന്ത്യന്‍ സൈനികരും ഗ്രാമീണയായ ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. 10 പേര്‍ക്ക് പരുക്കേറ്റു. സാംബയിലും കത്വായിലുമായിരുന്നു ആക്രമണം ശക്തമായി ഉണ്ടായത്. ഇതേത്തുടര്‍ന്ന് നൂറുക്കണക്കിന് ഗ്രാമീണരെ സുരക്ഷാ ക്യാംപുകളിലേക്ക് മാറ്റിയിരുന്നു.
പാക് അധീന കശ്മീരില്‍ ലഷ്കര്‍ അതിര്‍ത്തിയില്‍ പ്രത്യേകം സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും ഇവര്‍ പാക് അതിര്‍ത്തി രക്ഷസേനയോടൊപ്പം ചേര്‍ന്ന് ആക്രമണങ്ങള്‍ നടത്തുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയായിരുന്നു പാക് പ്രകോപനവും മറ്റു സംഭവങ്ങളും അരങ്ങേറിയത്.