ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ഇനി കടുത്ത ശിക്ഷ, വാഹനം കേടുവരുത്തിയാൽ ഇരട്ടിപിഴ

അഭിറാം മനോഹർ| Last Modified ബുധന്‍, 22 ഏപ്രില്‍ 2020 (18:02 IST)
ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാനായി ഓർഡിനൻസുമായി കേന്ദ്ര സർക്കാർ.ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റകൃത്യമായി കണക്കാക്കാനും ഗൗരവമുള്ള കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന പക്ഷം ആറു മാസം മുതല്‍ ഏഴു വര്‍ഷം വരെ തടവ് വരെ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഓർഡിനൻസ്.

ആരോഗ്യപ്രവർത്തകർക്ക് ഗുരുതര പരിക്കേല്‍പ്പിക്കുന്ന പക്ഷം അക്രമിക്ക് ആറു മാസം മുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കും. കൂടാതെ ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴ ഈടാക്കുകയും ചെയ്യുമെന്നും കാബിനറ്റ് യോഗത്തിനു ശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും കേസ്. 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണമെന്നും ഓർഡിനൻസിൽ പറയുന്നു.

1897ലെ എപ്പിഡെമിക് ഡിസീസസ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കുക.ആരോഗ്യ പ്രവര്‍ത്തകരുടെയോ സ്ഥാപനങ്ങളുടെയോ വാഹനങ്ങള്‍ക്ക് കേടുപാടു വരുത്തിയാല്‍ വാഹനത്തിന്റെ ഇരട്ടിവില കുട്ടക്കാരിൽ നിന്നും ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :