മുംബൈ|
VISHNU.NL|
Last Modified ചൊവ്വ, 27 മെയ് 2014 (16:17 IST)
തിരിച്ചറിയല്‍ പരിശോധനയില്‍ പോലീസ്
നായ കുരച്ചതിനെ തുടര്‍ന്ന് ജയിലിലായ ആളെ 10 വര്‍ഷത്തിനു ശേഷം മുംബൈ ഹൈക്കോടതി വെറുതെവിട്ടു. ഇരട്ട കൊലപാതകക്കേസില്‍ കീഴ്‌കോടതി ശിക്ഷിച്ച രാജാറാം ദര്‍ബര്‍ എന്നയാളെ മോചിപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്.
തിരിച്ചറിയല്‍ പരേഡിനിടെ ഇയാളുടെ അടുത്തെത്തിയ പൊലീസ് നായ കുരച്ചതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് പ്രതിയാക്കിയത്, വിചാരണക്കോടതി നായയുടെ കുര തെളിവായെടുത്തതോടെ രാജാറാം അകത്തുകിടന്നത് 10 വര്‍ഷം.
2004 സെപ്‌റ്റംബറിലാണ് സുഭദ്രാബായിയും അവരുടെ കാമുകന്‍ നിവൃത്തിയെയും സോലാപൂരിലെ സുഭദ്രാബായിയുടെ വീടിനു മുന്നില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുറ്റവാളികളെന്നു സംശയിക്കുന്നവരുടെ തിരിച്ചറിയല്‍ പരേഡില്‍ പോലീസ് സ്‌നിഫര്‍ ഡോഗ് ബാബറിനു നേരെ കുരയ്‌ക്കുകയായിരുന്നു.
ദര്‍ബാറും കൊല്ലപ്പെട്ട സുഭദ്രാബായിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്നുള്ളത് കൊലപാതകത്തിന് മതിയായ കാരണമല്ലെന്ന് കോടതി പറഞ്ഞു. പ്രതിയില്‍ നിന്ന് കണ്ടെടുത്ത ചോരപുരണ്ട വസ്‌ത്രത്തിന്റെയും ആയുധത്തിന്റെയും ആധികാരികതയും കോടതി ചോദ്യം ചെയ്‌തു.
പോലീസ് നായ കുരച്ചു എന്നത് ആധികാരികമായ തെളിവായി കണക്കാക്കാനാകില്ലെന്ന് പറഞ്ഞ് കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു. മറ്റു പല കേസുകളിലും നിര്‍ണ്ണായകമാകാവുന്ന വിധിയാണ് മുംബൈ ഹൈക്കോടതി ഇന്നലെ പുറപ്പെടുവിച്ചത്.