അഭിറാം മനോഹർ|
Last Modified ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (19:36 IST)
ഡെങ്കിപനി പടർന്നുപിടിക്കുന്ന ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിൽ ആട്ടിൻപാലിന് തീവില. കഴിഞ്ഞ ഒരുമാസമായി 1500 രൂപ വരെയാണ് ഒരു ലിറ്റർ ആട്ടിൻ പാലിന് ഇവിടെ ഈടാക്കുന്നത്. ആട്ടിൻപാൽ കുടിച്ചാൽ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കൂടുമെന്ന പ്രചാരണത്തിന് പിന്നാലെയാണ് വില ഉയർന്നത്.
കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം ഫിറോസാബാദിൽ 12,000 പേരാണ് വൈറൽ പനി ബാധിച്ച് ആശുപത്രിയിൽ കഴിയുന്നത്. 88 കുട്ടികൾ അടക്കം 114 പേർ ഇവിടെ പനി ബാധിച്ച് മരിച്ചിരുന്നു. രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കുറയുന്നതാണ് രോഗം ഗുരുതരമാകാൻ കാരണം. ഇതിനിടെ ആട്ടിൻപാൽ പ്ലേറ്റ്ലറ്റുകൾ വർധിക്കാൻ ഉത്തമമെന്ന പ്രചാരണം വന്നതാണ് വിൽവർധനവിന് കാരണം.
കഴിഞ്ഞ മാസം വരെ ലിറ്ററിന് 50 രൂപയായിരുന്ന ആട്ടിൻപാലാണ് 30 മടങ്ങോളം വില വർധിച്ചത്. പ്രദേശത്ത് വാണിജ്യാടിസ്ഥാനത്തിൽ പാൽ ഇല്ല എന്നതും വില ഉയരാൻ കാരണമായി. അതേസമയം ആട്ടിൻപാൽ ഡെങ്കിപനിയ്ക്ക് ഫലപ്രദമാണെന്നതിന് ഇതുവരെ ശാസ്‌ത്രീയമായ യാതൊരു തെളിവുമില്ലെന്നാണ് വിദഗ്‌ധർ പറയുന്നത്.