തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2015 (12:38 IST)
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറുമുഖ പദ്ധതി പറഞ്ഞ സമയത്തിനു മുൻപേ പൂർത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. നവംബർ ഒന്നിന് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
അതേസമയം, വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ ഇന്ന് ഒപ്പു വെയ്ക്കും. കരാര്‍ ഒപ്പിടുന്നതിനായി അദാനി നേരിട്ടെത്തിയിരിക്കുകയാണ്. വിഴിഞ്ഞം പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക കമ്പനിയുമായാണ് സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പു വെയ്ക്കുക. വൈകിട്ട് അഞ്ചിനു സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ തുറമുഖ സെക്രട്ടറി ജയിംസ് വർഗീസും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സിഇഒ: സന്തോഷ് കുമാർ മഹാപത്രയുമാണു കരാർ ഒപ്പിടുക. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, തുറമുഖ മന്ത്രി കെ. ബാബു, ധനമന്ത്രി കെഎം മാണി എന്നിവർ പങ്കെടുക്കും.
വിഴിഞ്ഞം തുറമുഖ പദ്ധതി നിലവില്‍ വരുന്നതോടെ കടൽ മാർഗമുള്ള ചരക്കു ഗതാഗതത്തിന് ആക്കം കൂട്ടാന്‍ സാധിക്കും. 5552 കോടി രൂപ മുതൽമുടക്കുള്ള ഒന്നാംഘട്ട നിർമാണത്തിൽ 3600 കോടിയുടെ നിക്ഷേപം സംസ്ഥാനത്തിനു പുറത്തുനിന്നാണ്.
നേരിട്ടുള്ള തൊഴിലവസരങ്ങൾ കൂടാതെ തുറമുഖ അനുബന്ധ വ്യവസായങ്ങളിലൂടെ പരോക്ഷമായും ഏറെ തൊഴിലവസരങ്ങളുണ്ടാകും. കണ്ടെയ്നർ ഹാൻഡ്‍ലിങ്, ലോജിസ്റ്റിക് എന്നീ അനുബന്ധ വ്യവസായങ്ങളും ഇതോടൊപ്പം വളരും.