ന്യൂഡൽഹി|
jibin|
Last Updated:
വ്യാഴം, 25 മെയ് 2017 (15:06 IST)
കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന നാല് സ്ത്രീകളെ കാറിൽ നിന്ന് വലിച്ചിറക്കി ആറംഗ സംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഇവരെ തടയാൻ ശ്രമിച്ചയാളെ ആക്രമികൾ വെടിവച്ചു കൊന്നു. ഡൽഹി- ഉത്തർപ്രദേശ് അതിർത്തിയായ ജെവാറിലാണ് സംഭവമുണ്ടായത്.
വ്യാഴാഴ്ച പുലർച്ചെ ഒന്നോടെ ഗ്രേറ്റർ നോയിഡയിൽ നിന്നും ബുലന്ദേശ്വറിലേക്ക് സഞ്ചരിക്കുന്നതിനിടെ യമുനാ എക്സ്‌പ്രസ് പാതയില്‍ വെച്ചായിരുന്നു ദുരനുഭവമുണ്ടായത്.
ജെവാറിൽ നിന്നും ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോയ സംഘത്തിന്റെ കാര്‍ ദേശീയപാതയില്‍ വെച്ച് എന്തോ വസ്തുവിൽ തട്ടി. വലിയ ശബ്ദം കേട്ടതോടേ കൂട്ടത്തിലുണ്ടായിരുന്ന പുരുഷന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി.
ഈ സമയം ആയുധങ്ങളുമായി ആറംഗ സംഘം കാര്‍ വളയുകയും മോഷണം നടത്തുകയും ചെയ്‌തു. തുടര്‍ന്ന് നാല് സ്ത്രീകളെയും ആളൊഴിഞ്ഞ സ്ഥലത്ത് വലിച്ചുകൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഒപ്പമുണ്ടായിരുന്ന ഷക്കീൽ ഖുറൈഷിയെന്നയാളെ (45) അക്രമികള്‍ വെടിവച്ച് കൊന്നത്.
സ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയെന്നും പൊലീസ് പറഞ്ഞു. ഈ മേഖലയിൽ മുൻപും ഇത്തരത്തിൽ കൊള്ള നടന്നിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ഹൈവേ ക്രിമിനലുകളുള്ള സ്ഥലമാണ് ഉത്തർപ്രദേശ്.