ന്യൂഡല്‍ഹി|
Last Modified ബുധന്‍, 18 ജൂണ്‍ 2014 (12:12 IST)
പ്രതിരോധ, റെയില്‍ മേഖലകളില്‍ വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നാലെ എണ്ണ, വാതക മേഖലകളിലും വിദേശ നിക്ഷേപം ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര് ശ്രമം തുടങ്ങി.
ഈ മേഖലകളില്‍ വിദേശനിക്ഷേപംകുറഞ്ഞ സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കിയും സുതാര്യമാക്കിയും നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്‌ടിക്കുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് മോസ്‌കോയില്‍ വച്ച് പറഞ്ഞു. മോസ്‌കോയില്‍ ലോക പെട്രോളിയം കോണ്‍ഗ്രസില്‍ പങ്കെടുക്കവെയാണ് പെട്രോളിയം മന്ത്രിയുടെ പ്രതികരണം.
പ്രകൃതി വാതക വിലനിര്‍ണയത്തിന്റെ കാര്യത്തിലടക്കം കഴിഞ്ഞ മൂന്നു വര്‍ഷമായുണ്ടായ പാളിച്ചകള്‍ നിക്ഷേപകരെ മേഖലയില്‍ നിന്നു പിന്തിരിപ്പിച്ചെന്നും ഇത് ആഭ്യന്തര ഉത്‌പാദനത്തിനു തിരിച്ചടിയായെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. എണ്ണ, വാതക മേഖലകളില്‍ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിച്ചേ ഇന്ത്യയ്‌ക്കു മുന്നോട്ടുപോകാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
എണ്ണ, വാതക മേഖലയില്‍ ഏകീകൃത ലൈസന്‍സിംഗ് രീതി കൊണ്ടുവന്ന് പര്യവേഷണ ലൈസന്‍സിംഗ് നിബന്ധനകള്‍ ഉദാരമാക്കി കൂടുതല്‍ ഉല്‍പാദനത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിയമാനുസൃതമായി എല്ലാ തടസങ്ങളും നീക്കിയശേഷമാകും അടുത്ത തവണത്തെ ഓയില്‍- ഗ്യാസ് ബ്ലോക്ക് ലേലം. 1,48,000 ചതുരശ്ര കിലോമീറ്റര്‍ ഖനനത്തിനായി കണ്ടുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.